കോഴിക്കോട്: പത്താം ക്ലാസിന് ശേഷം വിദ്യാർഥികൾക്ക് പഠിക്കാൻ മലബാർ ജില്ലകളിൽ ഇത്തവണയും അവസരങ്ങൾ കുറവാണെന്നും സ്ഥിരം പല്ലവി പോലെ പ്ലസ് വൺ സീറ്റിൽ അനുപാതിക വർധനവ് നടത്തിയതിലൂടെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ പറഞ്ഞു. പ്രതിഷേധങ്ങളെ അടക്കിയിരുത്താനാണ് സർക്കാർ ആദ്യമേ 30 ശതമാനം അനുപാതിക സീറ്റ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഇതുകൊണ്ട് വിദ്യാർഥികളുടെ കണ്ണിൽപൊടിയിടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് തുടങ്ങി മുഴുവൻ ഉപരിപഠന സാധ്യതകൾ പരിഗണിച്ചാലും മലബാർ ജില്ലകളിൽ അര ലക്ഷത്തിലധികം വിദ്യാർഥികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കേണ്ട സ്ഥിതിയാണ്. മലപ്പുറം ജില്ലയിൽ മാത്രം 26,402 കുട്ടികൾക്ക് സീറ്റില്ല. പാലക്കാട് 10,986ഉം കോഴിക്കോട് 8643ഉം സീറ്റുകളുടെ കുറവുണ്ട്. തൃശൂര് 1451 സീറ്റിന്‍റെ കുറവും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യഥാക്രമം 1878, 5735, 3476 സീറ്റുകളുടെ അപര്യാപ്തതയുമുണ്ട്. ഇതിന് പരിഹാരമായി സർക്കാർ പറയുന്ന അനുപാതിക സീറ്റ് വർധന നടപ്പിലാക്കിയാൽപ്പോലും മലപ്പുറത്ത് 12,017 സീറ്റുകളുടെയും പാലക്കാട് 3541 സീറ്റുകളുടെയും കുറവുണ്ടാകും.
ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തിക്കയറ്റിയാണ് 30% ആനുപാതിക പ്ലസ് വൺ സീറ്റ് വർധന നടപ്പാക്കുന്നത്. എന്നാൽ, സർക്കാർ നിശ്ചയിച്ച സമിതികൾ നിർദേശിച്ചതു പ്രകാരം 50 വിദ്യാർഥികളാണ് ഒരു ബാച്ചിൽ ഉണ്ടാകേണ്ടത്. ഇത് അട്ടിമറിക്കപ്പെടുന്നതോടെ വിദ്യാർഥി-അധ്യാപക അനുപാതം പാളുകയും വിദ്യാഭ്യാസ ഗുണനിലവാരം കുറയുകയും ചെയ്യും. അതേസമയം, തെക്കൻ ജില്ലകളിൽ പല ബാച്ചുകളും വളരെ കുറഞ്ഞ വിദ്യാർഥികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. അവിടങ്ങളിൽ അവസാന വിദ്യാർഥി പ്രവേശനം നേടിക്കഴിഞ്ഞിട്ടും നീറ്റുകൾ ഒഴിഞ്ഞുകിടക്കാറുണ്ട്. മലബാർ ജില്ലകളോടുള്ള നീതി നിഷേധമാണ് ഇതെല്ലാം.
തൃശൂർ മുതൽ കാസർകോട് വരെയുള്ള 58,571 വിദ്യാർഥികൾക്ക് സീറ്റില്ലാത്ത സ്ഥിതി പരിഹരിക്കാൻ 1171 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ സർക്കാർ അനുവദിക്കണമെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. ആദ്യഘട്ടമെന്നോണം ജില്ലകളിൽ കലക്ടറേറ്റ് മാർച്ച് നടത്തി. പ്ലസ് വൺ പ്രവേശന പ്രകിയകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കിൽ തെരുവിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റിയുണ്ടാകും. ഹയർസെക്കൻഡറി സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പഠിച്ച് സർക്കാറിന് സമർപ്പിച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിൽവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.