പ്ലസ് വൺ ബാച്ചുകൾ അടിയന്തരമായി അനുവദിക്കണം, കാമ്പസുകളിൽ സംഘടന സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കണം -എ.ഐ.എസ്.എഫ്

കണ്ണൂർ: പ്ലസ് വൺ ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്. വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി കണ്ണൂർ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് നടത്തിയ വിദ്യാർഥി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കാമ്പസുകളിൽ സംഘടന സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ ഇടതു സർക്കാരിന് ബാധ്യതയുണ്ടെന്നും അതു നിറവേറ്റാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റിയെഴുതാനും ചരിത്രാതീത കാലത്തേക്ക് കൊണ്ടുപോകാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ പുരോഗമന ജനാധിപത്യ-മതേതര കക്ഷികൾ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. സംഘടന സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമാണം നടത്തുക, പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുക, സർവകലാശാലകളിൽ ഏകീകൃത പ്രവേശന പരീക്ഷ കലണ്ടറും ഫീസ് ഘടനയും ഏർപ്പെടുത്തുക, സർട്ടിഫിക്കറ്റ് അപേക്ഷകൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

ജില്ല പ്രസിഡന്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ ചന്ദ്രകാന്ത്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം സി. ജസ്വന്ത് തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Plus One batches should be allowed urgently, freedom of organization and democracy should be protected on campuses - AISF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.