പി.കെ.നവാസിനെ സസ്​പെൻഡ്​ ചെയ്യും; എം.എസ്​.എഫ്​-ഹരിത തർക്കത്തിന്​ പരിഹാരമാകുന്നു

മലപ്പുറം: ഹരിതയും എം.എസ്​.എഫും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം മലപ്പുറം ലീഗ്​ ഹൗസിൽ നടന്ന മാരത്തോൺ ചർച്ചയിലാണ്​ ഇക്കാര്യത്തിലെ ഒത്തുതീർപ്പ്​ ഫോർമുല ഉണ്ടായത്​. വിവാദവുമായി ബന്ധപ്പെട്ട്​ മൂന്ന്​ എം.എസ്​.എഫ്​ നേതാക്കളെ സസ്​പെൻഡ്​ ചെയ്യും. ഹരിത നേതാക്കൾ വനിത കമ്മീഷന്​ നൽകിയ പരാതിയും പിൻവലിച്ചേക്കും.

എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡന്‍റ്​ പി.കെ നവാസിനെ രണ്ട്​ ആഴ്ചത്തേക്ക്​ സസ്​പെൻഡ്​ ചെയ്യും. കബിർ മുതുപറമ്പ്​, വി.എ.അബ്​ദുൽ വഹാബ്​ എന്നീ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകും. ഇന്ന്​ ഉച്ചയോടെ ലീഗ്​ തീരുമാനം പുറത്ത്​ വരുമെന്നാണ്​ സൂചന. ആഴ്ചകളായി എം.എസ്​.എഫിൽ നിലനിൽക്കുന്ന പ്രതിസന്ധിക്കാണ്​ ഇതോടെ വിരാമമാകുന്നത്​.

'ഹരിത' നേതാക്കളെ എം.എസ്.എഫ്​ ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്​ലിം ലീഗ്​ ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം ലീഗ്​ ഹൗസിൽ നടന്ന ചർച്ച ബുധനാഴ്ച രാത്രി 12 മണിക്കാണ്​ അവസാനിച്ചത്​.

മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡൻറ്​ സാദിഖലി ശിഹാബ്​ തങ്ങൾ എന്നിവരാണ്​ സംസാരിച്ചത്​.

'ഹരിത' സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസ്​, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്​ എന്നിവർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്​ടിച്ചിരുന്നു. 'ഹരിത' ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതോടെയാണ്​ വിവരം പുറത്തായത്​.

കഴിഞ്ഞ ആഴ്​ച 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മുസ്​ലിം ലീഗ്​ നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്​, എം.എസ്​.എഫ്​ ജില്ല പ്രസിഡൻറ്​ കബീർ മുതുപറമ്പ്​, വി.എ. വഹാബ്​ എന്നിവരോട്​ വിശദീകരണവും തേടി.

ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട്​ സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ് എന്നാണ്​ പരാതി.

എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡൻറ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു

Tags:    
News Summary - PK Navas to be suspended; MSF-Haritha dispute resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.