പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭ അംഗത്വം 21ന്​ രാജിവെക്കും

മലപ്പുറം: ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വേങ്ങര മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം പി.കെ. കുഞ്ഞാലിക്കുട്ടി ഏപ്രിൽ 21ന് രാജിവെക്കും. അന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പെങ്കടുക്കാൻ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അന്നുതന്നെ സ്പീക്കർക്ക് രാജി നൽകാനാണ് ആലോചന. ഇതോടെ വേങ്ങര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അന്തരീക്ഷമൊരുങ്ങും.അതിനിടെ, തെരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാൻ ഏപ്രിൽ 22ന് ലീഗിെൻറ പാർലമെൻററി പാർട്ടി യോഗം പാണക്കാട്ടും സംസ്ഥാന കമ്മിറ്റി യോഗം മേയ് 13ന് കോഴിക്കോട്ടും ചേരും. അജണ്ടയിൽ ഇല്ലെങ്കിലും നിയമസഭ സമ്മേളനം തുടങ്ങുന്നതിനാൽ കുഞ്ഞാലിക്കുട്ടിക്ക് പകരം പുതിയ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കലും പാർലമെൻററി പാർട്ടി യോഗത്തിൽ ചർച്ചയാകും. നിലവിൽ ഉപനേതാവായ എം.കെ. മുനീറിനാണ് സാധ്യത കൽപിക്കുന്നത്. മുനീർ കക്ഷി നേതാവായാൽ വി.കെ. ഇബ്രാഹിം കുഞ്ഞിനെയോ ടി.എ. അഹമ്മദ് കബീറിനെയോ ഉപനേതാവായി തെരഞ്ഞെടുക്കും. 

വേങ്ങരയിലെ സ്ഥാനാർഥിയെ സംബന്ധിച്ചും പാർട്ടി കേന്ദ്രങ്ങളിൽ അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ വേങ്ങരയിൽ മത്സരിപ്പിച്ച് നിയമസഭ കക്ഷി നേതാവാക്കാൻ ആലോചനയുണ്ട്. അങ്ങനെയാണെങ്കിൽ ഇപ്പോൾ എം.കെ. മുനീറിന് നിയമസഭ കക്ഷി നേതാവിെൻറ താൽക്കാലിക ചുമതലയാകും നൽകുക. 

കുഞ്ഞാലിക്കുട്ടിയുടെ അഭാവത്തിൽ യു.ഡി.എഫിൽ പാർട്ടിയുടെ ശക്തമായ സാന്നിധ്യം അറിയിക്കാൻ മജീദിന് സാധ്യമാകുമെന്നാണ് മജീദിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങിയ മജീദിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് വിയോജിപ്പുള്ളവരുമുണ്ട്. കഴിഞ്ഞ തവണ സീറ്റ് കിട്ടാതിരുന്ന അഡ്വ. കെ.എൻ.എ. ഖാദർ, താനൂരിൽ പരാജയപ്പെട്ട അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരും അടുത്ത ഉൗഴം കാത്തിരിക്കുന്നവരാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് (40,529) ലോക്സഭയിലേക്ക് കുഞ്ഞാലിക്കുട്ടിക്ക് നൽകിയ വേങ്ങരയിൽ മത്സരിക്കാൻ അവസരത്തിനായി നേതൃത്വത്തിൽ ശക്തമായ സമ്മർദമുണ്ടാകാൻ സാധ്യതയുണ്ട്. 

Tags:    
News Summary - pk kunjalikkutty MLA resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.