ഷാജിയുടെ വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാവില്ല -മന്ത്രി അബ്ദുറഹ്മാന് ഭീഷണിയുമായി പി.കെ. ബഷീർ

മലപ്പുറം: മന്ത്രി വി. അബ്ദുറഹ്മാനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും തമ്മിലുള്ള വാക്പോരിൽ കക്ഷി ചേർന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. ബഷീർ. ‘വേണമെങ്കിൽ ഞങ്ങൾ നിന്റെ വീട്ടിൽ പോലും കടന്നുകയറും’ എന്ന് ഷാജിയോട് വി. അബ്ദുറഹിമാൻ നടത്തിയ വിവാദപരാമർശത്തിന് മറുപടിയായാണ് പി.കെ. ബഷീർ ഇടപെട്ടത്. ‘ഷാജിയുടെ വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാവില്ല എന്ന് ഓർമ വേണം’ എന്നാണ് ബഷീർ പറഞ്ഞത്.

‘ഷാജിയുടെ വീട്ടിൽ കയറും എന്നത് അബ്ദുറഹ്മാന്റെ തോന്നൽ മാത്രമാണ്. വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാവില്ല എന്ന് ഓർക്കുന്നത് നല്ലതാണ്. ആളുകളോട് ആത്മസംയമനം പാലിക്കാൻ ഞങ്ങൾ പറയും. ബാക്കി പണി ഞങ്ങൾക്കാണ്. ലീഗിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഓരോരുത്തരെയായി ആരും ഉന്നംവെക്കേണ്ടതില്ല’ -ബഷീർ പറഞ്ഞു.

ലീഗിന് സ്വാധീനമുള്ള ദുരന്തമേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന് കഴിഞ്ഞ ദിവസം കെ.എം. ഷാജി പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്.

ഈ പരാമ‍ര്‍ശത്തിന് നിന്റെ വീട്ടില്‍ പോലും ഞങ്ങള്‍ കടന്നുകയറുമെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ മറുപടി. 'മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ആ മുഖ്യമന്ത്രിക്ക് താനൂരിൽ കടന്നുവരാൻ ഒരാളുടെയും അനുവാദം വേണ്ട. മുസ്‍ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്നയാളാണ്‌ കെ.എം. ഷാജി. ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടു തവണ ജയിച്ചതെന്ന് ഓർക്കണം’ -മന്ത്രി പ്രസംഗിച്ചു.

ഇതിന് മറുപടിയുമായി ഷാജി വീണ്ടും രംഗത്തെത്തി. ‘തന്‍റെ വീട്ടിൽ ആർക്കും വരാം. പക്ഷേ അതിന് മുമ്പ് താനൂർ ബോട്ട് ദുരന്തത്തിൽ 22 ജീവൻ നഷ്ടമായതിന്‍റെ ചോരക്കറ കളയണം. പിണറായി വീട്ടിൽ വന്നാൽ പോലും ഞാൻ കട്ടൻചായ കൊടുക്കും’- ഷാജി പറഞ്ഞു.

മുസ്‌ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മനസ്സിൽ വച്ചാൽ മതിയെന്നും ഷാജി പറഞ്ഞു. ‘ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്നാണ് സി.പി.എം പറഞ്ഞത്. എന്നാൽ സിപിഎമ്മിന്റെ വാക്കുകളിൽ ആത്മാർഥതയില്ല. സി.പി.ഐയെപ്പോലെ നട്ടെല്ലുവളച്ച് നിൽക്കുന്ന പാർട്ടിയല്ല ലീഗ്. വേണ്ടിവന്നാൽ പിണറായി തന്റെ വീട്ടിലും കടന്നുവരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞത്. അതിനു മുൻപ് താനൂരിൽ ബോട്ട് അപകടത്തിൽ മുങ്ങിമരിച്ച ആ 22 പേരുടെ ചോരക്കറ അബ്ദുറഹ്മാൻ കഴുകിക്കളയണം. താനൂരിലെ മത്സ്യബന്ധനബോട്ട് വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയത് അബ്ദുറഹ്മാൻ അറിഞ്ഞിട്ടുണ്ടോ​? താനൂരിലെ ബോട്ടുടമ നാസറിന്റെ സഹോദരൻ മന്ത്രി അബ്ദുറഹ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിച്ചിട്ടുണ്ടോ? ബോട്ടിനെക്കുറിച്ച് ജനങ്ങൾ മന്ത്രിയോട് മുൻപ് പരാതി പറഞ്ഞപ്പോൾ മന്ത്രി അബ്ദുറഹ്മാൻ അവരോട് തട്ടിക്കയറിയോ? എന്നിങ്ങനെ മൂന്നു ചോദ്യങ്ങളാണ് താൻ ചോദിച്ചത്. അതിന് ഉത്തരം പറയാതെ മന്ത്രി തട്ടിക്കയറിയിട്ടു കാര്യമില്ല. മന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കും’ - ഷാജി പറഞ്ഞു.

സി.പി.എം അംഗത്വം കിട്ടിയ ഉടൻ തന്നെ, വീട്ടിൽ കയറി തല്ലുമെന്ന് പറയുകയാണ് മന്ത്രിയെന്നായിരുന്നു മുസ്‍ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ പ്രതികരണം. ‘മന്ത്രി സംസാരിക്കുന്നത് ഗുണ്ടാ ഭാഷയിലാണ്. അത് വീട്ടിൽ കാണിച്ചാൽ മതി. ഷാജിയുടെ വീട്ടിൽ കയറണം എങ്കിൽ ഞങ്ങളുടെ നെഞ്ചിൽ ചവുട്ടി വേണം കടക്കാൻ’ -മുനീര്‍ പറഞ്ഞു. 

Tags:    
News Summary - PK Basheer against Minister V abdurahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT