പിണറായിയെയും റിയാസിനെയും ഉന്നമിടുന്നത് സി.പി.എമ്മിനെ തകർക്കാൻ; ഇഡി നീക്കത്തിനെതിരെ പിന്തുണയുമായി പി. ജയരാജൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. പിണറായി വിജയനെ ഉന്നമിടുന്നത് സി.പി.എമ്മിനെ തകർക്കാനാണെന്ന് പി. ജയരാജൻ പ്രതികരിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർ.എസ്.എസ് ആണെന്ന് പി. ജയരാജൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് ബി.ജെ.പിക്ക് ലഭിച്ചു. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളം കീഴടക്കണമെങ്കിൽ സി.പി.എമ്മിനെ തകർക്കണമെന്നും പി. ജയരാജൻ പ്രതികരിച്ചു.

സി.പി.എമ്മിനെ തകർക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി.ഡി. സതീശൻ സന്തോഷത്തിലാണ്. ഇ.ഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും പി. ജയരാജൻ പറഞ്ഞു.

സെക്രട്ടറിയേറ്റ് അംഗത്വം ലഭിച്ചത് സംബന്ധിച്ച് ഒരുപാട് പുകഴ്ത്തലുകൾ കേൾക്കുന്നുണ്ടെന്നും സ്വപ്നലോകത്തേക്ക് പോകില്ലെന്നും പി. ജയരാജൻ കൂട്ടിചേർത്തു. തനിക്ക് സെക്രട്ടറിയേറ്റ് അംഗത്വം വൈകിയെന്നത് വലതുപക്ഷ പ്രചാരണം മാത്രമാണെന്നും പി. ജയരാജൻ പ്രതികരിച്ചു.

പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ഉൾപ്പാർട്ടി സമരം തുടരും. പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോൽവിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. സി.പി.എമ്മിനകത്ത് എന്തെങ്കിലും ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുള്ള ശക്തി സി.പി.എമ്മിനുണ്ടെന്നും പി. ജയരാജൻ അവകാശപ്പെട്ടു. മന്ത്രി കെ.എം. ഷാജി സ്വകാര്യ കാറിൽ സഞ്ചരിച്ചത് അത്ഭുതമാണെന്നും ഇനിയും അങ്ങനെ സഞ്ചരിക്കുമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പി. ജയരാജൻ പ്രതികരിച്ചു.

Tags:    
News Summary - P. Jayarajan Backs ED Move, Targets Pinarayi-Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.