പത്തനംതിട്ട/പാലക്കാട്: യൂത്ത് കോൺഗ്രസിനെതിരായ വിമർശനം ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്ത്. കോൺഗ്രസ് സമരസംഗമ വേദിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പി.ജെ. കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
സദുദ്ദേശത്തോടെയാണ് തന്‍റെ വിമർശനം. സംഘടന ഇങ്ങനെ പോയാൽ പോരെന്നാണ് താൻ ഉദ്ദേശിച്ചത്. സമരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരാ. ബൂത്തുകളിൽ ചെറുപ്പക്കാർ കുറവാണ്, എന്നാൽ മറുപക്ഷം ശക്തരാണ്. എസ്.എഫ്.ഐയുടെ അക്രമാസക്ത പോരാട്ടത്തെയല്ല, ബൗദ്ധികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടത്തെയാണ് പ്രകീർത്തിച്ചത്.
തെരഞ്ഞെടുപ്പ് ജയിക്കാൻ ചെറുപ്പക്കാർ വേണം. യുവ നേതാക്കൾ പഞ്ചായത്തുകളിലേക്ക് പോകണം. നിലമ്പൂർ തെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ പ്രവർത്തനം മാതൃകയാണെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി.
അതേസമയം, പി.ജെ. കുര്യന്‍റെ വിമർശനത്തിന് ചുട്ട മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ഏതെങ്കിലും നേതാവിന്‍റെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ തിരിച്ചടിച്ചു.
സംഘടനാ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലും നാട്ടിലെ പൊതുസമൂഹത്തിനും വേണ്ടിയുമാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രവർത്തനം. പിണറായി സർക്കാറിന്‍റെ പി.ആർ വർക്കായ നവകേരളസദസിന്‍റെ കാപട്യത്തെ തുറന്നു കാണിക്കാൻ സാധിച്ച സംഘടനയുടെ പേരാണ് യൂത്ത് കോൺഗ്രസ്. അതിൽ അഭിമാനമുണ്ട്. എല്ലാ തികഞ്ഞതാണെന്നും തിരുത്തൽ വരുത്തേണ്ടതില്ലെന്നുമുള്ള നിലപാടല്ല യൂത്ത് കോൺഗ്രസിനുള്ളത്. ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തണമെങ്കിൽ അക്കാര്യം ചർച്ച ചെയ്യേണ്ടത് സംഘടനക്കുള്ളിലാണ്. തിരുത്തൽ ആവശ്യമെങ്കിൽ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.
ഏത് തരത്തിലുള്ള ബൗദ്ധികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടമാണ് എസ്.എഫ്.ഐ മുന്നോട്ടു വെച്ചതെന്ന് രാഹുൽ ചോദിച്ചു. ആർ.എസ്.എസുമായി ബന്ധമുള്ളവരെ ഗവർണർമാരായി നിയമിക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി യൂത്ത് കോൺഗ്രസ് എതിരാണ്. കേരള ഗവർണറെ പുട്ടുംകടലയും കഴിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചപ്പോൾ എസ്.എഫ്.ഐയുടെ നിലപാട് ആരും കണ്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആർ.എസ്.എസ് നിർദേശത്തെ തുടർന്ന് നിയമിച്ച ഗവർണർമാരെ സൽകരിക്കാൻ പിണറായി തീരുമാനിച്ചപ്പോഴും എസ്.എഫ്.ഐ ഒന്നും പറഞ്ഞിട്ടില്ല.
ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്പോൺസേർഡ് അഡ്ജസ്റ്റ്മെന്‍റും വീണ ജോർജിനെതിരായ സമരത്തെ മറച്ചുപിടിക്കാനുമുള്ള ശ്രമങ്ങളല്ലാതെ എന്ത് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ് എസ്.എഫ്.ഐ നടത്തിയിട്ടുള്ളത്. എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും പിണറായിസം എന്ന പ്രത്യയശാസ്ത്രമാണുള്ളതെന്നും രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കോൺഗ്രസ് സമര സംഗമം ഉദ്ഘാടന വേദിയിലാണ് എസ്.എഫ്.ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്തുവന്നത്. എസ്.എഫ്.ഐ ക്ഷുഭിതയൗവനത്തെ കൂടെനിർത്തുകയാണെന്നും എന്നാൽ, യൂത്ത് കോൺഗ്രസ് നേതാക്കളെ ടി.വിയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വേദിയിലിരിക്കെയായിരുന്നു പി.ജെ. കുര്യന്‍റെ വിമർശനം. കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ എന്നിവരും വേദിയിലുണ്ടായിരുന്നു. ‘‘യൂത്ത് കോൺഗ്രസിന്‍റെ ജില്ല പ്രസിഡന്റുണ്ട്. അദ്ദേഹത്തെ വലപ്പോഴുമൊക്കെ ടി.വിയിലൊക്കെ കാണും. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നില്ല. എസ്.എഫ്.ഐയുടെ സമരം നിങ്ങൾ കണ്ടില്ലേ. യൂനിവേഴ്സിറ്റിയിൽ ചെന്ന്, അഗ്രസീവായ യൂത്തിനെ അവർ അവരുടെ കൂടെനിർത്തുന്നു’’-പി.ജെ. കുര്യൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സി.പി.എമ്മിന്റെ സംഘടനസംവിധാനം അടിയുറച്ചതാണ്. ഓരോ മണ്ഡലത്തിലും 25 പ്രവർത്തകരെയെങ്കിലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തന്‍റെ അഭിപ്രായം മാനിച്ചിരുന്നെങ്കിൽ മൂന്ന് സീറ്റിലെങ്കിലും വിജയിക്കാമായിരുന്നെന്നും കുര്യൻ പറഞ്ഞു. അടൂർ പ്രകാശ് അടക്കം നേതാക്കൾ തന്‍റെ അഭിപ്രായം അവഗണിച്ചു. ഇത്തവണയും സ്ഥാനാർഥികളെ അടിച്ചേൽപിക്കാനാണ് ശ്രമമെങ്കിൽ വലിയ പരാജയം കാത്തിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പി.ജെ. കുര്യന്‍റെ വിമർശനം ഉൾക്കൊള്ളുന്നതായി യോഗത്തിൽ സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കുടുംബസംഗമങ്ങളിൽ പ്രവർത്തകരുടെ സാന്നിധ്യം കുറവായാലും തെരുവിൽ കുറയാതിരിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ രാഹുൽ, യോഗം നടക്കുന്ന സമയത്ത് ആലപ്പുഴയിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിക്കുന്നതിന്റെ വാർത്ത വന്നുകൊണ്ടിരിക്കുന്നുവെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.