കൊച്ചി: ജില്ല കലക്ടർ നിയന്ത്രണം ഏറ്റെടുത്ത പിറവം പള്ളിയിൽ തൽസ്ഥിതി തുടരട്ടെയെന്ന് ഹൈകോടതി. ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന കുർബാനയിൽ മലങ്കര മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയടക്കമുള്ള പുരോഹിതർക്കും 1934ലെ ഭര ണഘടന അംഗീകരിക്കുന്ന വിശ്വാസികൾക്കും (ഓർത്തഡോക്സ് വിഭാഗം) മാത്രം പ്രവേശനം അനുവദിക്കാനും ജസ്റ്റിസ് എ.എം. ഷ ഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കുർബാനക്ക് എത്തുന്നവരെ തടയുകയോ ക്രമസമാധാന പ്രശ്നമുണ്ടാക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് സിവിൽ ജയിലിലേക്ക് മാറ്റാനും ഇടക്കാല ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
പള്ളിയിൽനിന്നും പള്ളി വളപ്പിൽനിന്നും യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിച്ച് വസ്തു വിവരപ്പട്ടിക തയാറാക്കി നിയന്ത്രണം വ്യാഴാഴ്ച രാത്രി ഏഴരയോടെ പൂർണമായും ഏറ്റെടുത്തതായി വെള്ളിയാഴ്ച ഉച്ചക്ക് ജില്ല കലക്ടർ കോടതിയിൽ റിപ്പോർട്ട് നൽകി. ഹരജി പരിഗണനക്കെടുത്ത ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളിയുടെ നിയന്ത്രണം തുടരാൻ കലക്ടറോട് നിർദേശിച്ചു. കുർബാന സമയത്ത് പള്ളിയിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കാൻ മതിയായ പൊലീസ് സംരക്ഷണം നൽകണം. പ്രാർഥന സമയം ഉൾപ്പെടെ വിവരങ്ങൾ കലക്ടറെയും പിറവം സി.ഐയെയും പുരോഹിതർ മുൻകൂട്ടി അറിയിക്കണം. സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് കാട്ടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ളത്.
കഴിഞ്ഞ ദിവസം മരിച്ച, ഹരജിക്കാരിലൊരാളായ ഫാ. സ്കറിയ വട്ടക്കാട്ടിലിെൻ സഹോദരെൻറ മൃതദേഹം ശനിയാഴ്ച പിറവം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നും ഞായറാഴ്ച കുർബാനക്ക് അനുമതി നൽകണമെന്നും ഒാർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. മരിച്ചവരെ സംസ്കരിക്കാൻ സംവിധാനം വേണമെന്ന് വാക്കാൽ പറഞ്ഞ കോടതി, കോടതി ഈ ആവശ്യങ്ങൾ അനുവദിച്ചു. തങ്ങളെ പള്ളിയിൽനിന്ന് പുറത്താക്കാൻ ഒാർത്തഡോക്സ് വിഭാഗം പുതിയ ഉപാധികൾ കൊണ്ടുവരുന്നതായി യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയേപ്പാൾ നാമെല്ലാം ഒന്നാണെന്നും സുശക്തമായ രാഷ്ട്രത്തിലെ പൗരന്മാരാണെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ഇതുപോലെ ഏറ്റെടുക്കാൻ ഇനിയും പള്ളികളുണ്ടെന്ന് ഒാർത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ ക്രമസമാധാന പ്രശ്നമുള്ളതിനാലാണ് പിറവം പള്ളിയിൽ ഇടപെട്ടതെന്നും എല്ലാ പള്ളികളും കലക്ടർ ഏറ്റെടുക്കണമെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് എപ്പോൾ വേണമെന്നും മറ്റും ഓർത്തഡോക്സ് വിഭാഗം തീരുമാനിക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. ഹരജി വീണ്ടും ഒക്ടോബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.