തിരുവനന്തപുരം: ‘അവതാരങ്ങൾ’ ഇടതുഭരണത്തിലേക്ക് വന്നുകയറിയോ എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിനെതിരെ പിണറായി വിജയൻ. ബിനോയ് വിശ്വം ആദ്യം അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഏതെങ്കിലും അവതാരങ്ങൾ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടതെന്ന് പിണറായി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവതാരങ്ങൾ സർക്കാരിൽ വന്നുകയറിയിട്ടുണ്ടെങ്കിൽ പരിശോധിക്കണം. എന്നാൽ, അതിൽ ഞങ്ങളുടെ കൂടെ നിന്ന എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ, അധികാരത്തിന്റെ ഇടനാഴികളിൽ അവതാരങ്ങൾ കടന്നുവരുന്നത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 10 വർഷത്തിനിപ്പുറം കനത്ത തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ബിനോയ് വിശ്വത്തിന്റെ വിമർശനമുണ്ടായത്.‘‘താൽകാലികമായി ലാഭം തേടി വന്നുപോകുന്ന ചിലരുണ്ടാകും. സ്ഥാനമാനങ്ങൾക്കുവേണ്ടി വരുന്നവരാണിവർ. അവരല്ല ബന്ധുക്കൾ. ഇവരെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞത് ചില അവതാരങ്ങൾ എന്നായിരുന്നു. നമ്മളെ തേടിവരുമെന്നും സൂക്ഷിക്കണമെന്നും വരെ അകറ്റിനിർത്തണമെന്നും പിണറായി പറഞ്ഞ ആ അവതാരങ്ങൾ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? നമ്മുടെ ബന്ധുക്കൾ നമ്മിൽനിന്ന് അകന്നു പോകാൻ അവർ നിമിത്തമായോ? ആ ചോദ്യം ചോദിക്കാൻ ഭയപ്പെടാൻ പാടില്ല’’-ഇതായിരുന്നു ബിനോയി വിശ്വത്തിന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.