മന്ത്രി കെ.എ. തുളസി
ന്യൂഡൽഹി: ആദിവാസി ഊരുകളുടെ പേര് ‘ഉന്നതി’ എന്നാക്കിയത് തിരുത്തുന്നു. ഊര് മൂപ്പന്മാരുടെ അഭ്യർഥന മാനിച്ചാണ് പഴയ പേര് തന്നെ (ഊര്) നിലനിർത്താൻ തീരുമാനിച്ചെന്ന് പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ.എ. തുളസി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ആദിവാസി ഊരുകളുടെ പേര് പിണറായി സർക്കാറാണ് ‘ഉന്നതി’ എന്നാക്കി മാറ്റിയത്. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബ്രാൻഡിങ്ങിന്റെ ഭാഗമായിരുന്നു പേരുമാറ്റം. എന്നാൽ, ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഊര് മൂപ്പന്മാരും ആദിവാസി സംഘടനകളും സർക്കാറിന് പരാതി നൽകിയിരുന്നു.
‘ഊര്’ എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നാണ് ഊര് മൂപ്പന്മാർ സർക്കാറിനെ അറിയിച്ചത്. പേരുമാറ്റം ആദിവാസി സമൂഹത്തിന്റെ ആത്മാഭിമാനത്തിനും സ്വത്വത്തിനും കോട്ടം തട്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വാദം പരിഗണിച്ചാണ് സർക്കാർ പഴയ പേര് തിരികെ നൽകാൻ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്കാരവും സംരക്ഷിച്ചു കൊണ്ട് തന്നെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. വികസനം എന്നത് പേര് മാറ്റുന്നത് മാത്രമല്ല. അവരുടെ ജീവിതനിലവാരം ഉയർത്തുന്നതും അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഊര് മൂപ്പന് പ്രത്യേക അംഗീകാരം നൽകുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലാണ്. ഒരു പ്രദേശത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് മൂപ്പനെ അംഗീകരിക്കുക. ആ പദവിയിലുള്ളവരുടെ അഭിപ്രായങ്ങളെ സർക്കാർ കേൾക്കും.
കെ. രാധാകൃഷ്ണൻ പട്ടികജാതി പട്ടിക വർഗ വികസന മന്ത്രിയായിരിക്കെയാണ്, പട്ടിക ജാതിക്കാർ കൂടുതലായി കഴിയുന്ന സ്ഥലങ്ങളുടെ പേരിനൊപ്പം കോളനി എന്ന് ഉപയോഗിക്കുന്നതിനു പകരം നഗർ എന്നാക്കിയത്. ഇതിനൊപ്പം പട്ടിക വർഗക്കാരുടെ (ആദിവാസി) വാസസ്ഥാനങ്ങളുടെ ഊര് എന്ന പേര് ഉന്നതി എന്നും ആക്കിയിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം വകുപ്പ് മന്ത്രിയായ കെ.എ.തുളസിയെ നേരിൽക്കണ്ട് ഇതു സംബന്ധിച്ച് പരാതികൾ അറിയിച്ചിരുന്നു. ആദിവാസി മേഖലകൾ സന്ദർശിച്ചപ്പോഴും തുളസിക്കു മുന്നിൽ ’ഊര്’ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.