താമരശ്ശേരി: ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരം ശക്തമാക്കി ജനകീയ സമരസമിതി. ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ, നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ്കട്ട് പ്ലാന്റിലേക്ക് പോകുന്ന വഴിയിലേക്ക് സമരസമിതി പ്രക്ഷോഭവേദി മാറ്റി.
പ്ലാന്റിലേക്ക് വാഹനങ്ങൾ എത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പി.കെ. ഫിറോസ് എം.എൽ.എയും പ്രതിഷേധസമരത്തിന് പിന്തുണ അറിയിച്ചതായി സമരസമിതി പ്രവർത്തകർ പറഞ്ഞു.
കോടതി നിർദേശപ്രകാരം ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയിൽ നടത്തിയ തെളിവെടുപ്പിൽ പ്ലാന്റിൽ നിന്നുള്ള മലിനീകരണം സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളുടെ തെളിവുകൾ കൈമാറുമെന്ന് ജനകീയ സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു. 13-ന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഈ തെളിവുകൾ കൂടി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ആറ് വർഷത്തോളമായി പ്ലാന്റിൽ നടക്കുന്ന മലിനീകരണം സംബന്ധിച്ച തെളിവുകൾ കോടതിയിൽ നേരത്തേ ഹാജരാക്കിയിരുന്നു. വരും ദിവസങ്ങളിലും പ്ലാന്റിനെതിരായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ തടയാൻ ജനകീയ സമിതി ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ, പ്ലാന്റിലേക്ക് മാലിന്യം നിറച്ച വാഹനങ്ങൾ എത്താതെ നോക്കേണ്ട ചുമതല പൊലീസിനാണെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.
ഗുരുതര പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെയും നിരന്തര പരാതികളുടെയും അടിസ്ഥാനത്തിൽ 'ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കോഴിക്കോട് ജില്ലയിലെ കോഴിയറവ് മാലിന്യങ്ങൾ സംസ്കരിച്ചുവരുന്ന കട്ടിപ്പാറ അമ്പായത്തോട് ഈരൂട് റോഡരികിലെ 'ഫ്രഷ്കട്ട്' പ്ലാന്റ് എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവെച്ച് അടച്ചുപൂട്ടണമെന്ന് നിർദേശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകലയാണ് ബുധനാഴ്ച ഉത്തരവിട്ടത്. യു.ഡി.എഫ്. സർക്കാർ വാക്കുപാലിച്ചെന്ന് പി.കെ. ഫിറോസ് എം.എൽ.എ. ഫേസ്ബുക്കിൽ കുറിച്ചു. പ്ലാന്റ് അടച്ചുപൂട്ടുന്നതിനായി സഹായിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.