കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ അർഹതപ്പെട്ടവർക്കെല്ലാം കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുള്ള വിതരണ സംവിധാനം അതേപടി തുടരണമെന്ന് കെ.എൻ. ബാലഗോപാൽ എം.എൽ.എ.
പാവപ്പെട്ടവരും അവശരുമായ 62 ലക്ഷം ജനങ്ങൾക്ക് സ്വാശ്രയത്വം ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ക്ഷേമ പെൻഷൻ തുക. മരുന്നും മറ്റ് അത്യാവശ്യങ്ങൾക്കും മറ്റാരെയും ആശ്രയിക്കേണ്ട അവസ്ഥ അവർക്കുണ്ടാകുന്നില്ല. അത് ഇല്ലാതാക്കാനാണ് സഹകരണ സംഘങ്ങളെ ഒഴിവാക്കി ബാങ്ക് വഴി പെൻഷൻ നൽകാനുള്ള യു.ഡി.എഫ് സർക്കാറിന്റെ പുതിയ തീരുമാനമെന്ന് മുൻ ധനമന്ത്രി പറഞ്ഞു.
‘ക്രമക്കേട് തടയാനാണ് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ എന്ന വാദം സർക്കാർ കേന്ദ്രങ്ങൾ ഉയർത്തുന്നത്. ഇത് എലിയെ പേടിച്ച് ഇല്ലം ചുടുന്നുവെന്ന് പറയുന്ന പോലെയാണ്. ഒറ്റപ്പെട്ട ക്രമക്കേടുകൾക്കുള്ള സാധ്യതപോലും തടയാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. ഏതു കാര്യത്തിലും രാഷ്‌ട്രീയം കാണുന്ന മുഖ്യമന്ത്രിയുടെ രീതി അപലനീയമാണ്. പെൻഷൻ വിതരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത് എൽ.ഡി.എഫിന് ഭരണ നിയന്ത്രണമുള്ള സഹകരണ സംഘങ്ങളെ മാത്രമല്ല, ഒട്ടേറെ യു.ഡി.എഫ് സംഘങ്ങളുമുണ്ട്. ഈ സംഘങ്ങളുടെ അഭിപ്രായം കൂടി ഉത്തരവ് ഇറക്കുന്നതിനുമുമ്പ് തേടേണ്ടതായിരുന്നു. എന്നാൽ, അത്തരത്തിലുള്ള സമീപനം മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായില്ല’ -ബാലഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നതിനുള്ള അവസരം സ്വമേധയാ തെരഞ്ഞെടുത്തവരാണ്. ബാക്കിയുള്ളവർക്കെല്ലാം പെൻഷൻ നേരിട്ട് വീട്ടിലെത്തിക്കുന്ന സമ്പ്രദായമാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. ഇവരിൽ കിടപ്പുരോഗികൾക്കുമാത്രമേ വീട്ടിൽ പെൻഷൻ എത്തിക്കുവെന്നാണ് സർക്കാർ ഉത്തരവിലൂടെ പറയുന്നത്.
ബാങ്കുകളിൽപോയി തുക കൈപ്പറ്റുന്നതിന് കഴിയാത്തവരായ സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകൾക്ക് പെൻഷൻ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകും. ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തവർക്ക് ഇനിയൊരിക്കലും പെൻഷൻ കിട്ടാത്ത സ്ഥിതിയുമുണ്ടാകും. പാവപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കാൻ ഈ ഉത്തരവ് കാരണമാകും.
പാവപ്പെട്ടവരും സാധാരണക്കാരും, വീടുവിട്ടു ബാങ്കുവരെപോയി അക്കൗണ്ട് തുറക്കുകയും, അത് പെൻഷൻ വിതരണ സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യാൻ കഴിയാത്ത ആളുകൾക്കെല്ലാം പെൻഷൻ നിഷേധിക്കപ്പെടും. ഇതിലൂടെ ക്ഷേമ പെൻഷൻ തന്നെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ഗൂഢനീക്കമാണ് ആരംഭിച്ചിട്ടുള്ളത്.
സർവിസ് പെൻഷനിലടക്കം മണിഓർഡർ സംവിധാനം ഉൾപ്പെടെ നേരിട്ട് പെൻഷൻ എത്തിക്കാൻ ഉപയോഗിക്കുമ്പോഴാണ് ക്ഷേമ പെൻഷനിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നത്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞത്. എന്നിട്ടാണ് ഉള്ളതും ഇല്ലാതാക്കുന്നത്. അടിയന്തിരമായി പുതിയ ഉത്തരവ് പിൻവലിക്കണം.
മുഖ്യമന്ത്രിക്ക് എന്തു പറ്റിയെന്ന് മനസിലാകുന്നില്ല. മികച്ചരീതിയിൽ പോകുന്ന ഒരു പെൻഷൻ വിതരണം സമ്പ്രദായമാണ് നശിപ്പിക്കുന്നത്. അത് സംഭവിക്കാൻ പാടില്ല. ഇപ്പോൾ എുടക്കുന്ന നിലപാട് അങ്ങേയറ്റം അപകടകരമാണെന്നും ബാലഗോപാൽ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.