തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അഭിമാനവിജയത്തിന് പിന്നാലെ തുടർഭരണം ലക്ഷ്യമിട്ട് 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് മുൻകൂട്ടിക്കണ്ട് പ്രകടനപത്രിക തയാറാക്കാൻ സംസ്ഥാന പര്യടനത്തിന് മുഖ്യമന്ത്രി. ഭരണം അവസാനിക്കാൻ നാല് മാസം ശേഷിക്കെയാണ് പത്ത് ദിവസത്തോളം നീളുന്ന പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നത്. ഡിസംബർ 22ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന പര്യടനം 30ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന തരത്തിലാണ് സി.പി.എം നേതൃത്വം ആസൂത്രണം ചെയ്യുന്നത്. സാമൂഹിക, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പ്രമുഖർ മുതൽ സാധാരണക്കാർ, എൽ.ഡി.എഫ് എം.പിമാർ, എം.എൽ.എമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ വിനിമയമാണ് നടക്കുക.
സർക്കാറിെൻറ ഇതുവരെയുള്ള പ്രവർത്തനത്തെ കുറിച്ചുള്ള അഭിപ്രായം, തുടർ നിർദേശങ്ങൾ, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുക കൂടിയാണ് ഉദ്ദേശം. ഇതിെൻറ അടിസ്ഥാനത്തിലാവും പ്രകടനപത്രിക തയാറാക്കുക. എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ നടപ്പാക്കുന്ന ക്ഷേമ രാഷ്ട്രീയ നടപടികളുടെ തുടർച്ചക്കുള്ള അന്വേഷണവും ഇതിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പര്യടനത്തിെൻറ വിവിധ ജില്ലകളിലെ തീയതികൾക്ക് അടക്കം അവസാനരൂപം നൽകും.
കൊല്ലത്ത് 22ന് രാവിലെ 10ന് ബീച്ച് ഒാർക്കിഡ് ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച. തുടർന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകൾ വഴിയാവും പര്യടനം. ജനുവരി രണ്ടാംവാരം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ 30ന് പര്യടനം അവസാനിപ്പിക്കാനാണ് ആലോചന. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നവകേരള യാത്രയിൽ എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരെ കണ്ടിരുന്നു.
സർക്കാറിെൻറ പ്രവർത്തനം ഉൗർജിതമാക്കാനുള്ള നൂറ് പദ്ധതികൾ അടക്കം വരുംദിവസം പ്രഖ്യാപിക്കുമെന്ന് പിണറായി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഭാവി കേരളം എന്തായിരിക്കണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പദ്ധതികൾ തയാറാക്കുകയാണ് പര്യടനത്തിലൂടെ വിഭാവനം ചെയ്യുന്നതെന്ന് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഗെയ്ൽ പൈപ്പ് ലൈൻ, കെ റെയിൽ, കെ ഫോൺ പദ്ധതി, ഇ മൊബിലിറ്റി പദ്ധതി, െഎ.ടി വികസനം തുടങ്ങിയവയുടെ തുടർച്ചയും പുതിയ പദ്ധതിയും ലക്ഷ്യമിടുന്നുണ്ട് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.