സംസ്ഥാനത്തിന്‍റെ കടബാധ്യത 4,88,910 കോടി; ഒറ്റ വർഷത്തിൽ കൂടിയത് 53596 കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കടബാധ്യത 4,88,910 കോടി രൂപയെന്ന്​ ബജറ്റ്​. 2024-25ൽ ഇത്​ 4,35,314 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട്​ വർധിച്ച കടം 53596 കോടി രൂപ. കേരളം കടംകയറി തളർന്നിരിക്കുന്നു എന്ന ആക്ഷേപം കാര്യഗൗരവമുള്ള ആരും ഉന്നയിക്കുന്നില്ലെന്നും ധനമന്ത്രി അവകാശപ്പെടുന്നു.

ഓരോ അഞ്ച്​ വർഷത്തിലും സഞ്ചിത കടം ഇരട്ടിയാകുന്നതാണ്​ പതിവ്​. മുൻ സർക്കാറിന്‍റെ തുടക്കത്തിൽ കടം 157370 കോടി രൂപയായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോഴേക്കും അത്​ 2,96,901 കോടി രൂപയായി. ഇതാണ്​ ഇപ്പോൾ 488910 കോടിയായി ഉയർന്നത്​. കടം ഇരട്ടിച്ചിരുന്നെങ്കിൽ കുറഞ്ഞത്​ 593802 കോടി രൂപയിൽ എത്തണമായിരുന്നുവെന്നും ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്‍റെ കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം ഇപ്പോൾ 33.44 ശതമാനമാണ്​. 2021ൽ ഇത്​ 38.47 ശതമാനമായിരുന്നു.

സംസ്ഥാന സർക്കാറിന്‍റെ 2025-26ലെ പ്രതീക്ഷിത ചെലവ്​ 1,92,456 കോടിയായിരിക്കുമെന്നും ബജറ്റിൽ പറയുന്നു. 2024-25ൽ ഇത് 173808 കോടിയായിരുന്നു. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത്​ ശരാശരി വാർഷിക ചെലവ്​ 117191 കോടിയായിരുന്നു. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത്​ പ്രതിവർഷ ചെലവ്​ 68028 കോടി രൂപയായിരുന്നു. ​ 

കേന്ദ്രം അവഗണിച്ചപ്പോൾ പ്രതിസന്ധി മറികട​ന്നതെങ്ങനെ ?; കേരളത്തിന്റെ തന്ത്രം വെളിപ്പെടുത്തി ബാലഗോപാൽ

കേന്ദ്രസർക്കാറിന്റെ കടുത്ത അവഗണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ കേന്ദ്രസർക്കാറിന്റെ അവഗണന ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേരളം എങ്ങനെയാണ് ഈ അവഗണനയെ മറികടന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെലവുകൾ കൃത്യമായി ക്രമീകരിച്ചും തനത് വരുമാനം വർധിപ്പിച്ചുമാണ് കേന്ദ്രസർക്കാർ ഉയർത്തിയ ഭീഷണിയെ മറികടന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 1,27,747 കോടി രൂപയുടെ അധികവരുമാനം തനതുനികുതി വരുമാനത്തിന്റെ കാര്യത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നികുതിയേതര വരുമാനം 24,898 കോടി രൂപയോളം അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

ഇടതുസർക്കാറിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തുടക്കത്തിലെ കണക്ക് കൂട്ടിയിരുന്നു. അപകടം മുന്നിൽ കണ്ട് മുന്നൊരുക്കം നടത്താനായത് പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിവെട്ടിക്കുറച്ചാണ് കേന്ദ്രം പ്രധാനമായും ദ്രോഹിച്ചത്. കത്തുകിട്ടി തൊട്ടടുത്ത ദിവസം ഡൽഹിയിലെത്തി നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയാറായില്ലെന്നും അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - Budget says state's debt is Rs 4,88,910 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.