കോഴിക്കോട്: വൈദ്യുതി പ്രതിസന്ധിക്ക് സൗരോർജ പദ്ധതികളാണ് പരിഹാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ വൈദ്യുതീകരണം സംസ്ഥാനതല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വലിയ ജലവൈദ്യുതി പദ്ധതികൾക്ക് ഇനി സാധ്യതയില്ല. സൗരോർജത്തിെൻറ മറ്റേ പേര് ഞാൻ പറയുന്നില്ല. വിവാദങ്ങൾ അയവിറക്കി രസിക്കുന്ന വിഭാഗമായി നമ്മൾ മാറരുത്. ആ കാലം കഴിഞ്ഞു. ഇനി ആ വിവാദത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. വൈദ്യുതി പ്രതിസന്ധിക്ക് സൗരോർജം എങ്ങനെ ഉപയോഗിക്കാമെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഗുണമേന്മയുള്ള വൈദ്യുതി ഇപ്പോഴും പൂർണമായി നൽകാനായിട്ടില്ല. കെ.എസ്.ഇ.ബിയെ മാത്രം ആശ്രയിച്ച് വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. വലിയ വീടുകൾ സൗരോർജം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണം. വീടിെൻറ നിർമാണ ഘട്ടത്തിൽതന്നെ ഇതിനാവശ്യമായ സൗകര്യം ഒരുക്കൽ നിർബന്ധമാക്കിയാൽ നന്നാകും. പകൽസമയത്തെ ഒാഫിസുകളുടെ പ്രവർത്തനങ്ങൾക്കും സൗരോർജ വൈദ്യുതി ഉപയോഗിക്കാവുന്നതാണ്. ജലവൈദ്യുതിയെ പൂർണമായി ആശ്രയിക്കാൻ ഇനി കഴിയില്ല. പുതിയ സ്രോതസ്സുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സൗരോർജ പദ്ധതികൾ എല്ലാ വികസിത രാജ്യങ്ങളിലും സാധാരണമായിരിക്കുന്നു. അനർട്ടിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. വൈദ്യുതിക്ക് മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയുണ്ടായാൽ അമിതവില നൽകേണ്ടിവരും. കേരളം പിന്നിട്ട കാലത്തേക്ക് തിരിഞ്ഞുനോക്കുേമ്പാൾ വൈദ്യുതി സ്വപ്നം മാത്രമായിരുന്നു. നാലര മണിക്കൂർ േലാഡ്ഷെഡിങ്ങും വ്യവസായങ്ങൾക്ക് പവർകട്ടും ഏർെപ്പടുത്തിയ കാലമുണ്ടായിരുന്നു. നാടാകെ ഒന്നിച്ചതുകൊണ്ടാണ് സമ്പൂർണ വൈദ്യുതീകരണമെന്ന നേട്ടം കൈവരിക്കാനായത്. ഒന്നിച്ചുനിന്നാൽ ഇനിയും നേട്ടങ്ങൾ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി മന്തി എം.എം. മണി അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വൈദ്യുതി സുരക്ഷ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്വിച്ച് ഒാൺ കർമം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. മന്ത്രി എ.കെ. ബാലൻ ഇ-ലെറ്റർ പ്രകാശനം ചെയ്തു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം.എൽ.എ, എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, സി.കെ. നാണു, ഇ.കെ. വിജയൻ, പി.ടി.എ. റഹീം, വി.കെ.സി. മമ്മദ്കോയ, പുരുഷൻ കടലുണ്ടി, കെ. ദാസൻ തുടങ്ങിയവർ സംബന്ധിച്ചു. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ആൻഡ് സേഫ്റ്റി ഡയറക്ടർ എൻ. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ഡോ. കെ. ഇളേങ്കാവൻ സ്വാഗതം പറഞ്ഞു. നഗരത്തിൽ വർണശബളമായ ഘോഷയാത്രയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.