തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: തണ്ണീര്‍ത്തടസംരക്ഷണനിയമം ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കര്‍മപദ്ധതി തയാറാക്കും. കേരളത്തിലെ സുപ്രധാന തണ്ണീര്‍ത്തടങ്ങളായ വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കുന്നതില്‍ വീഴ്ചസംഭവിച്ചെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നത് സ്വന്തം കുഴിയെടുക്കുന്നതിന് സമമാണ്. സൂനാമി ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ കണ്ടല്‍കാടുകള്‍ അനിവാര്യമാണ്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്‍െറ കണക്കുപ്രകാരം 1985ല്‍ ജലസ്രോതസ്സുകളില്ലാത്ത 750 ഗ്രാമങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്.

എന്നാല്‍, 1995ല്‍ ഇത് 65,000 ആയി വര്‍ധിച്ചു. ഇത് ആശങ്കജനകമാണ്. ലോകത്താകമാനം 50 ശതമാനം തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യയില്‍ ഇത് 38 ശതമാനമാണ്. 44 നദികളുണ്ടായിട്ടും കേരളം കൊടുംവരള്‍ച്ചഭീഷണിയിലാണ്. ഇതൊഴിവാക്കാന്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക തണ്ണീര്‍ത്തടദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.