ദേശീയപാതവികസനം പ്രവൃത്തികള്‍ കടലാസിലല്ല, നിരത്തില്‍ വേണം –മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാതവികസനം അടിയന്തരമായി പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനസൗകര്യവികസനത്തിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തരുതെന്നും ഏപ്രില്‍ മുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്ററില്‍തന്നെ വികസിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ചിലയിടങ്ങളില്‍ സ്ഥലമേറ്റെടുക്കലുള്‍പ്പെടെ കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയില്ളെന്നാണ് സൂചന.

ഇതേക്കുറിച്ച് ഒൗദ്യോഗികസ്ഥിരീകരണം നടത്താന്‍ അദ്ദേഹത്തിന്‍െറ ഓഫിസും തയാറായില്ല. മുന്‍നിശ്ചയപ്രകാരം നടപടികള്‍ വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടുത്ത ഏപ്രിലില്‍ കാസര്‍കോട്ടും കണ്ണൂരിലും മേയില്‍ കോഴിക്കോട്ടും വീതികൂട്ടല്‍ തുടങ്ങും.

മൂന്നുവര്‍ഷത്തിനുള്ളില്‍ വികസനം പൂര്‍ത്തിയാക്കും. പരാതിയുള്ള മേഖലകളില്‍ അലൈന്‍മെന്‍റ് പുതുക്കും. സ്ഥലമേറ്റെടുക്കാന്‍ തീരെ നിര്‍വാഹമില്ലാത്ത മേഖലകളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമായേക്കുമെന്നും സൂചനയുണ്ട്. പാലക്കാട് വാളയാര്‍ മുതല്‍ ചേര്‍ത്തല വരെ നിലവില്‍ നാലുവരിപ്പാതയുണ്ട്.

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയും ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും നാലുവരിപ്പാതയാക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സ്ഥലമേറ്റെടുപ്പ് 60 ശതമാനം പൂര്‍ത്തിയാക്കിയാല്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുലഭിച്ച സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

കാസര്‍കോട്ടും കണ്ണൂരും പാതവികസനത്തിനുള്ള രൂപരേഖ തയാറായിട്ടുണ്ട്. കോഴിക്കോട്ടെ രൂപരേഖ അടുത്ത മാസത്തോടെ തയാറാകും. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെ പുതിയ രൂപരേഖ തയാറാക്കാന്‍ പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ബൈപാസിന്‍െറയും തലശ്ശേരി-മാഹി ബൈപാസിന്‍െറയും വീതികൂട്ടല്‍ നടപടികള്‍ ഉടന്‍ തുടങ്ങും.

മലപ്പുറം ജില്ലയിലെ ചേളാരി, പാണമ്പ്ര, ഇടിമൂഴിക്കല്‍ മേഖലകളില്‍ അലൈന്‍മെന്‍റിനെക്കുറിച്ചുയര്‍ന്ന പരാതികള്‍ ന്യായമാണെന്നാണ് സര്‍ക്കാറിന്‍െറ വിലയിരുത്തല്‍. ഇങ്ങനെയുള്ള മേഖലകളില്‍ നിലവിലുള്ള അലൈന്‍മെന്‍റ് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഒൗദ്യോഗികസ്ഥിരീകരണത്തിന് പൊതുമരാമത്ത് അധികൃതര്‍ തയാറായില്ല.

News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.