ബി.ജെ.പിയുടെ ദയാദാക്ഷിണ്യത്തിലല്ല സർക്കാർ അധികാരത്തിലെത്തിയത്​-പിണറായി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ അതിക്രമം തുടർന്നാൽ കേരള സർക്കാറിനെ താഴെയിടുമെന്ന ബി.​െജ.പി പ്രസിഡന്‍റ് അമിത്ഷായുടെ പ്രസ്​താവനക്കെതിരെ ആഞ്ഞടിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് കേരള സർക്കാർ അധികാരത്തിലെത്തിയതെന്ന്​ അമിത്​ ഷാ ഒാർക്കണമെന്ന്​ പിണറായി ഫേസ്​ബുക്ക്​ കുറിപ്പിലൂടെ പറഞ്ഞു.

കേരള സർക്കാർ അധികാരത്തിലുള്ളത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ്. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്‍റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണം. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്‍റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെയും പേരിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്നും പിണറായി തുറന്നടിച്ചു.

അമിത്​ ഷായുടെ പ്രസ്​താവന സർക്കാറിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനക്കും നിയമവ്യവസ്ഥക്കും എതിരെയുള്ളതാണ്​. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതിയെന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്​. ആർ.എസ്​.എസിന്‍റെയും സംഘപരിവാറിന്‍റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും പിണറായി ഫേസ്​ബുക്ക്​ കുറിപ്പിൽ ആരോപിച്ചു.

സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്‍റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ത്തന്നെയാണ് ബി.ജെ.പി ഇപ്പോഴും നില്‍ക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യമടക്കമുള്ള ആധുനിക സങ്കല്‍പങ്ങള്‍ മുമ്പോട്ടുവെക്കുന്ന തുല്യത മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹം ഇത്തരം പ്രാകൃത വാദങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി ഫേസ്​ബുക്കിലൂടെ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan slams Amit Shah- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.