‘സ്വർണമുഖ്യൻ’ കാലാവധി തികക്കില്ല -കെ. മുരളീധരൻ

കോഴിക്കോട്​: സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൻെറ ബന്ധം വെളിപ്പെട്ട സ്​ഥിതിക്ക്​ പിണറായി രാജിവെക്കണമെന്ന് കെ. മുരളീധരന്‍ എം.പി. പണ്ട് സി.പി.എമ്മുകാര്‍ ചാരമുഖ്യൻ കെ. കരുണാകരന്‍ രാജിവെക്കണമെന്ന്​ ചുമരുകളിൽ എഴുതിയിരുന്നു. സ്വർണക്കടത്തിന് കൂട്ടുനിന്ന സ്വർണ മുഖ്യനും രാജിവെക്കണം. എന്ത് പറഞ്ഞാലും തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്​.

സ്വപ്നയുമായി സ്വപ്നം പങ്കുവെക്കുന്ന പലരുമുണ്ടിവിടെ. സ്വപ്​നക്കൊപ്പം മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടു. സരിതയുടെ കാലത്ത് മുഖ്യൻ പറഞ്ഞത് ഓർക്കുന്നുണ്ട്. ഇവരെ നിയമിക്കാൻ ശിവശങ്കർ മാത്രമല്ല ഒരു വിംഗ് തന്നെ ഉണ്ടായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി വഴിവിട്ടു സഞ്ചരിക്കുന്നെന്ന് ഇൻറലിജിൻസ് മുഖ്യമന്ത്രിയെ അറിയിച്ചില്ലേ? സ്വന്തം ഓഫിസിലും വകുപ്പിലും നടക്കുന്നത് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബർ സ്​റ്റാമ്പാണെന്നും മുരളീധരന്‍ ചോദിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻെറ വൈദ്യ പരിശോധന ഒഴിവാക്കാൻ ഇടപെട്ടയാൾ ശിവശങ്കർ ആണോ എന്ന് സംശയമുണ്ട്. ഇതേ ലോബി ആണോ അന്നും പ്രവർത്തിച്ചത് എന്ന് സംശയിക്കുന്നു. സ്വന്തം ഓഫിസിലെ ദൂഷിത വലയത്തിലെ ദുർഗന്ധം സൃഷ്​ടിക്കുന്ന ഉന്മാദത്തിൻെറ തടവുകാരനായി അദ്ദേഹം മാറി.

സി.ബി.ഐ അന്വേഷിച്ചാൽ പല കാര്യങ്ങൾക്കും മറുപടിയാകും. സ്പ്രിങ്ക്​ളർ, ബെവ്‌ ക്യു ആപ്പ് അടക്കമുള്ള കാര്യങ്ങൾ പുറത്ത് വരും. ഇനി പന്ത് കേന്ദ്രത്തിൻെറ കോർട്ടിലാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷവും ആവശ്യപ്പെട്ട സ്ഥിതിക്ക് അടിയന്തരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം. 

അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെക്കണം, ധാർമികത കാണിക്കണം. രാജൻ കേസിൽ കരുണാകരൻ കാണിച്ച ധാർമിക നീതി കാണിക്കണം. ശിവശങ്കറിന്‌ അവധി കൊടുക്കുകയല്ല, സസ്‌പെൻഡ് ചെയ്യുകയാണ്​ വേണ്ടത്​. ലാവ്‍ലിന്‍ അന്വേഷിച്ച പോലെയല്ല ഇതു അന്വേഷിക്കേണ്ടതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സോളാർ വിഷയത്തിൽ ഏതു അന്വേഷണവും നടത്താമെന്ന് ഉമ്മൻചാണ്ടി പറഞ്ഞതാണ്. നിരവധി ചോദ്യം ചെയ്യലുകൾക്ക് വിധേയമായാണ് ഉമ്മൻ‌ചാണ്ടി നിരപരാധിത്വം തെളിയിച്ചത്. ഏതു കേസ് പൊടിതട്ടിയെടുത്താലും യു.ഡി.എഫിന് പ്രശ്‌നമല്ല. മുഖ്യമന്ത്രി കാലാവധി തികക്കില്ല. ഈ കേസ് മര്യാദക്ക് അന്വേഷിച്ചാൽ ഇറങ്ങിപ്പോകേണ്ട അവസ്ഥ വരും. മുഖ്യമന്ത്രിയുടെ ഓഫിസിൽ തന്നെ ഈ സ്ത്രീയെ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ നോക്കാതെ സമരം തുടങ്ങേണ്ടി വരും. കേന്ദ്രമന്ത്രി വി. മുരളീധരന് ഒരു കാര്യവും അറിയില്ല. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ഒത്തുകളി നടന്നുവെന്ന് കരുതേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    
News Summary - pinarayi vijayan must resign k muraleedaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.