കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതിന് സി.പി.എം വലിയ വില കൊടുക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന്‍റെ ഫലം അനുഭവിക്കുന്നത് സി.പി.എം ആയിരിക്കുമെന്ന് സതീശൻ വ്യക്തമാക്കി.
എസ്.എൻ.ഡി.പിയുമായി യു.ഡി.എഫിന് വിരോധമില്ല. എസ്.എൻ.ഡി.പിയുടെ വോട്ട് ലഭിക്കും. എസ്.എൻ.ഡി.പി യൂനിയനുകളും ശാഖകളുമായും നല്ല ബന്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ ബി.ജെ.പിയുടെ ആണി അടിച്ചിട്ടേ ഇറങ്ങൂ. ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് രാജീവ് തുടരണമെന്നാണ് തന്‍റെ ആഗ്രഹം. രാജീവ് വന്ന ശേഷമാണ് ബി.ജെ.പിക്കുള്ളിലെ കാര്യങ്ങൾ പുറത്തറിയാൻ തുടങ്ങിയത്. തിരുവനന്തപുരത്ത് തന്നെ രണ്ട് ആത്മഹത്യകൾ നടന്നു. ആ ആത്മഹത്യ കുറിപ്പുകൾ പരിശോധിച്ചാൽ ബി.ജെ.പിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാം.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടില്ല. കെ. കരുണാകരനും എ.കെ. ആന്‍റണിയുമുള്ള കാലത്തും മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ല. കെ.സി. വേണുഗോപാലിന് എപ്പോൾ വേണമെങ്കിലും കേരളത്തിലേക്ക് വരാം. ദേശീയ രാഷ്ട്രീയത്തിലേക്ക് കേരളം സംഭാവന ചെയ്ത നേതാവാണ് കെ.സി എന്നും സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഡ് ചെയ്ത നടപടി കോൺഗ്രസ് പുനഃപരിശോധിച്ചിട്ടില്ല. ഒരു വിഷയം വന്നപ്പോൾ സി.പി.എം ചെയ്തത് പോലെയല്ല കോൺഗ്രസ് ചെയ്തത്. ജനങ്ങൾ അതാണ് നോക്കി കാണുന്നത്. നടപടി സ്വീകരിച്ചത് കൊണ്ട് കോൺഗ്രസിനോ യു.ഡി.എഫിനോ ഒരു ദോഷവും ഉണ്ടാവില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.