ജീവിതത്തിൽ ശുദ്ധി വേണമെന്ന് മുഖ്യമന്ത്രി; വിശുദ്ധി ചര്‍ച്ചചെയ്യാനല്ല അടിയന്തര പ്രമേയമെന്ന് സതീശൻ

തിരുവനന്തപുരം: ജീവിതത്തിൽ ശുദ്ധി പുലർത്തണമെന്നും താൽക്കാലിക ലാഭത്തിനും സംതൃപ്തിക്കുമായി പ്രതിപക്ഷം തെറ്റായ കാര്യങ്ങളിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരപ്രമേയ ചർച്ചയുടെ മറുപടിയിലാണ് പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ ഉപദേശം.

ജീവിതത്തിൽ ശുദ്ധി പുലർത്തിയാൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ടിവരില്ല. പ്രതിപക്ഷം എന്തെങ്കിലും പ്രശ്നമുന്നയിച്ചാൽ അതൊക്കെ നാട് ഏറ്റെടുക്കുകയാണെന്ന് കരുതരുത്. പരീക്ഷണങ്ങളിലൂടെ കടന്നുവന്ന ജീവിതമാണ് തങ്ങളുടേത്. അത് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ തകരില്ല. അതുകൊണ്ടാണ് ആരോപണങ്ങളെ ഉൾക്കിടിലം കൂടാതെ ചിരിച്ചുകൊണ്ട് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതവിശുദ്ധി ചര്‍ച്ചചെയ്യാനല്ല പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നതെന്ന് സഭ ബഹിഷ്കരിച്ചശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

'സന്യാസിമാരെപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ അക്രമം അന്വേഷിക്കാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം തിരുവനന്തപുരത്തുനിന്ന് പോകുന്നതിന് മുമ്പുതന്നെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാരാണെന്ന് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമോ? മൂന്ന് സംഘങ്ങള്‍ 55 മിനിറ്റോളമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ ആക്രമണം നടത്തിയത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തോളില്‍ തട്ടി അക്രമികളെ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് കടത്തിവിടുന്നതിന്‍റെ ദൃശ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പൊലീസ് എത്തിയശേഷവും അക്രമികളെ അകത്തേക്ക് കടത്തിവിട്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിക്കാതെ അക്രമികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ല.' -സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - vd satheesan against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.