യു.ഡി.എഫിനെ ഭയപ്പെടുത്താമെന്ന് പിണറായി കരുതേണ്ടെന്ന് വി.ഡി. സതീശൻ; ജാമ്യമില്ലാ കേസിലെ പ്രതികളായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ അറസ്റ്റു ചെയ്യാത്ത പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത് ഇരട്ടനീതി

ചാലക്കുടി: പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒളിവില്‍ പോയ ആളോ കൊക്കേസിലെ പ്രതിയോ അല്ല യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കുകയും ജയിലിലായ സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയും ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്‍കുകയും ജനകീയ വിചാരണ സദസുകളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് രാഹുല്‍. എന്നിട്ടാണ് വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ച് ബലപ്രയോഗത്തിലൂടെ ഷോ കാണിച്ച് അറസ്റ്റു ചെയ്തത്. അറസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഭയപ്പെടുത്താമെന്ന് പിണറായി വിജയന്‍ കരുതേണ്ട.

ജാമ്യം എടുക്കില്ലെന്നും സഹപ്രവര്‍ത്തകരെ പോലെ ജയിലില്‍ പോകാന്‍ തയാറാണെന്ന് പറഞ്ഞ ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തലയില്‍ അടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നാലഞ്ച് ദിവസം ചികിത്സയിലായിരുന്നു. ചികിത്സയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞിരുന്ന ആളെയാണ് പൊലീസ് അറസ്റ്റു ചെയ്തത് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ആരെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഗണ്‍മാന്‍മാര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുകയാണ്. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത അവരെ അറസ്റ്റു ചെയ്യി​ല്ലെന്ന് സതീശൻ പറഞ്ഞു.

ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ആളെ രക്ഷിച്ച് കൂട്ടിക്കൊണ്ടു പോയ സി.പി.എം ഏരിയാ സെക്രട്ടറിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചാലക്കുടി എസ്.ഐയെ പേപ്പട്ടിയെ പോലെ റോഡിലിട്ട് തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ നേതാവിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊക്കെ ഇരട്ട നീതിയാണ്. തോന്ന്യാസം കാട്ടിയ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതാക്കളെ പാല്‍ക്കുപ്പിയുമായാണ് കൂട്ടിക്കൊണ്ടു പോയത്. യൂത്ത് കോണ്‍ഗ്രസ് സംസഥാന അധ്യക്ഷനെ വീട്ടില്‍ക്കയറി അറസ്റ്റു ചെയ്തതിന് തക്കതായി തിരിച്ചടി സര്‍ക്കരിന് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നു. കേസിലെ ഒന്നാം പ്രതിയായ എന്നയെും അറസ്റ്റ് ചെയ്യാന്‍ വീട്ടിലേക്ക് വരട്ടേ. ആരെയാണ് മുഖ്യമന്ത്രി പേടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിയെ പോലും നോക്കുകുത്തിയാക്കിയുള്ള ഉപജാപക സംഘമാണ് ഇതിനൊക്കെ പിന്നില്‍. അവര്‍ കാല്‍ നൂറ്റാണ്ട് മുന്‍പ് ജീവിക്കേണ്ട ആളുകളാണ്. ഇതിനെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതകരിക്കും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടില്‍ കയറി അറസ്റ്റു ചെയ്താല്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാരെല്ലാം ഭയപ്പെടുമെന്നാണ് കരുതുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ അധികാരത്തി​െൻറ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തരൂരിനെ കുറിച്ച് ഒ. രാജഗോപാല്‍ പറഞ്ഞത് സത്യമെന്ന് വി.ഡി സതീശൻ; ബി.ജെ.പിയുടെ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ല

ശശി തരൂരിനെ കുറിച്ച് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞത് സത്യമാണെന്ന് ​പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശശി തരൂര്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനപ്രതിനിധിയാണ്. കഴിഞ്ഞ തവണ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിക്കും. ആ യാഥാര്‍ത്ഥ്യം ബി.ജെ.പിയുടെ സമുന്നത നേതാക്കള്‍ക്ക് പോലും മനസിലായെന്നതില്‍ സന്തോഷമുണ്ട്.

കേരളത്തില്‍ ബി.ജെ.പി ഒരിക്കലും വിജയിക്കില്ല. ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് ഞങ്ങള്‍ അനുവദിക്കില്ല. തൃശൂരില്‍ കഴിഞ്ഞ തവണ ടി.എന്‍ പ്രതാപന്‍ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരില്‍ ചവിട്ടിയാണ് പ്രധാനമന്ത്രി കേരളത്തില്‍ വന്ന് നാരീശക്തിയെ കുറിച്ച് പറഞ്ഞത്. നാട് മുഴുവന്‍ സ്ത്രീകള്‍ വേട്ടയാടപ്പെടുകയാണ്. ഇതെല്ലാം ബി.ജെ.പിയുടെ നാടകമാണ്. ഇതൊന്നും മതേതര കേരളത്തില്‍ വിലപ്പോകില്ലെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - Pinarayi should not think that he can intimidate the UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.