കണ്ണൂർ: മാതാപിതാക്കളെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസില്‍ റിമാൻഡില്‍ കഴിയുന്ന പിണറായി പടന്നക്കരയിലെ വണ്ണത്താംവീട്ടില്‍ സൗമ്യ (30) കണ്ണൂർ വനിത സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയിൽ. വെള്ളിയാഴ്ച രാവിലെ 9.30ഒാടെയാണ് സൗമ്യയെ കശുമാവിൻ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ജയിൽ ഫാമിലെ പശുക്കളെ പരിചരിക്കുന്ന േജാലിയാണ് സൗമ്യക്ക് നൽകിയിരുന്നത്.
പശുവിന് പുല്ലരിയാനായി ജയിൽ വളപ്പിൽ പോയപ്പോൾ പശു ഫാമിനു സമീപത്തെ കശുമാവിൽ സാരിയിൽ കെട്ടിത്തൂങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറിനു സെല്ലിൽനിന്ന് പുറത്തിറങ്ങിയശേഷം ഏഴോടെ പശുക്കളെ കറന്ന് പാൽ, ജയിൽ അധികൃതരെ ഏൽപിച്ചിരുന്നു. 8.45ന് തടവുകാർക്കുള്ള ഭക്ഷണവും വാങ്ങിക്കഴിച്ചതായി അധികൃതർ പറഞ്ഞു. അതിനു പിന്നാലെയാണ് സംഭവം.
അതേസമയം, ജയിലിൽ പ്രതിയെ നിരീക്ഷിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്. സഹതടവുകാർ കണ്ടെത്തിയ വിവരമറിയിച്ച ഉടൻ ജയിൽ ജീവനക്കാർ കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗമ്യയുടെ ആത്മഹത്യാകുറിപ്പും ജയിലിൽ നിന്ന് പൊലീസ് കണ്ടെത്തി. തെറ്റു ചെയ്തിട്ടില്ലെന്നും വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നതായും കത്തിൽ സൗമ്യ പറയുന്നു. സമൂഹത്തിെൻറ കുറ്റപ്പെടുത്തലും ബന്ധുക്കളുടെ ഒറ്റപ്പെടുത്തലും മൂലം പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നും കത്തിലുണ്ട്.
സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒമ്പത്) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയതിന് കഴിഞ്ഞ ഏപ്രിലിലാണ് സൗമ്യ അറസ്റ്റിലായത്. ഛർദിയും വയറിളക്കവും ബാധിച്ചായിരുന്നു മൂന്നുപേരുടെയും മരണം. ഒരേ വീട്ടിൽ ഒരേ കാരണത്താൽ നാലു മാസത്തിനിടെ മൂന്നുപേർ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ തുടർന്ന് നാട്ടുകാർ ഉന്നയിച്ച സംശയമാണ് െകാലപാതകത്തിെൻറ ചുരുളഴിച്ചത്.
മരിച്ചവരുടെ ശരീരത്തില്‍ എലിവിഷത്തിെൻറ അംശം കണ്ടെത്തിയതോടെ സൗമ്യയെ പൊലീസ് ചോദ്യം ചെയ്തു. സൗമ്യ കുറ്റസമ്മതം നടത്തുകയും ചെയ്തു. വിവാഹമോചിതയായ സൗമ്യക്ക് പലരുമായും അടുപ്പമുണ്ടായിരുന്നു. അവിഹിത ബന്ധങ്ങൾക്കു സൗകര്യമൊരുക്കുന്നതിനായാണ് സൗമ്യ കൊലപാതകങ്ങൾ നടത്തിയതെന്നാണ് കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.