സംഘ്പരിവാറിന്‍റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ബി.ജെ.പിയെന്ന് പിണറായി

പാറശ്ശാല: സംഘ്പരിവാറിന്‍റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്ന ബി.ജെ.പിയാണ് രാജ്യത്ത് അധികാരത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ക്കും കോര്‍പറേറ്റ് നയങ്ങള്‍ക്കും ബദല്‍ മുന്നോട്ടുവെക്കാതെ ജനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണ്. കേരളത്തിന്‍റെ വികസനത്തിന് തുരങ്കം വെക്കുന്ന ധാരാളം ദുഷ്പ്രചരണങ്ങളുമായി അവർ മുന്നോട്ടു നീങ്ങുകയാണെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ എത്തിയതോടെ വന്‍തോതിലുള്ള പ്രചാരവേലകള്‍ പാര്‍ട്ടിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും ജമാഅത്ത് ഇസ്ലാമിയും ചേർന്ന് നടത്തി കൊണ്ടിരിക്കുകയാണ്. ഇവര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ രീതിയില്‍ രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ വലിയ മതിപ്പോടെ കണ്ടു. ജനങ്ങള്‍ ഇത്തരക്കാരുടെ പ്രചരണങ്ങള്‍ ഒന്നും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികളെ ഇറക്കിയെങ്കിലും വലത് മാധ്യമങ്ങളെ നിരത്തിയിട്ടും അതൊന്നും ഏശിയില്ല. അതിനു കാരണം വികസന പ്രവര്‍ത്തനങ്ങളാണെന്ന് അവര്‍ കണ്ടു. അതിനാല്‍ ഇനി ഒരു വികസന പ്രവര്‍ത്തനം പാടില്ല. സില്‍വര്‍ ലൈൻ പദ്ധതി എന്നത് നമ്മുടെ സംസ്ഥാനത്തെ ഒരു നവകേരളമാക്കി മാറ്റാനുള്ള സമീപനത്തിന്‍റെ ഭാഗമായുള്ളതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

വികസനത്തിന്‍റെ കാര്യത്തില്‍ ചില്ലറ പോരായ്മകള്‍ നിലനില്‍ക്കുന്നതായി നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്‍ഷിക, വ്യവസായ മേഖലകൾ ഉദ്ദേശിച്ച പോലെ വളരുന്നില്ല എന്നതാണ് ഒരു പോരായ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi said that the BJP was implementing the political agenda of the Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.