തലശ്ശേരി: പിണറായി പടന്നക്കരയിൽ മാതാപിതാക്കളെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വണ്ണത്താന്‍വീട്ടില്‍ സൗമ്യയെ വിശദമായ ചോദ്യംചെയ്യലിന് അന്വേഷണസംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ പറഞ്ഞു. മകള്‍ ഐശ്വര്യ കിഷോറിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച കണ്ണൂര്‍ വനിത ജയിലിലെത്തി സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും.
പിതാവ് കുഞ്ഞിക്കണ്ണൻ, മാതാവ് കമല എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യ ഏപ്രിൽ 24ന് അറസ്റ്റിലായത്. ഐശ്വര്യയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിൽ വിഷം ഉള്ളില്‍ചെന്നാണ് മരണമെന്ന് കണ്ടെത്തുകയും സൗമ്യ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. രാസപരിശോധന റിപ്പോര്‍ട്ട് കിട്ടിയശേഷം ഐശ്വര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിചേര്‍ത്ത് കോടതിമുമ്പാകെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സൈബര്‍സെല്ലിന് കൈമാറിയ സൗമ്യയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍കൂടി പരിശോധിച്ച് ചോദ്യംചെയ്യാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. രാസപരിശോധന ഫലവും കുറ്റസമ്മതമൊഴിയും സാഹചര്യതെളിവുകളുമാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്താനായത്. മൊബൈല്‍ ഫോണില്‍നിന്നുള്ള വിവരങ്ങളും തുടരന്വേഷണത്തില്‍ നിര്‍ണായകമാവും.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ശ്വാസംകിട്ടാതെ പിടയുന്ന മകളുടെ ദൃശ്യം അടുപ്പമുള്ള ഒരു യുവാവിന് സൗമ്യ അയച്ചതായുള്ള സൂചനയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മകള്‍ ഛര്‍ദിക്കുന്ന ദൃശ്യം വാട്‌സ്ആപ്പില്‍ അയച്ചിരുന്നതായി സഹോദരി സന്ധ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന മകളുടെ ദൃശ്യങ്ങള്‍ ആര്‍ക്കൊക്കെ അയച്ചുവെന്നത് മൊബൈല്‍ഫോണ്‍ ഡീകോഡ് ചെയ്തു പരിശോധിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാവും.
ഐശ്വര്യ മരിച്ചതിനുശേഷം കൈയില്‍നിന്ന് എലിവിഷത്തിെൻറ കുപ്പി വാങ്ങി നശിപ്പിച്ചതായി സൗമ്യയുടെ കുറ്റസമ്മതമൊഴിയില്‍ പരാമര്‍ശിക്കുന്ന സുഹൃത്ത് സുശീലന് ഏതെങ്കിലും വിധത്തില്‍ സംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സൗമ്യയുടെ കൈയില്‍നിന്ന് പിടിച്ചുവാങ്ങിയ എലിവിഷമടങ്ങിയ കുപ്പി പുറത്തുകളയുകയാണ് ചെയ്തതെന്നും ഐശ്വര്യയെ കൊലപ്പെടുത്താന്‍ ഇതുപയോഗിച്ചതായി തനിക്ക് അറിയില്ലെന്നുമാണ് സുഹൃത്ത് പൊലീസിനോട് വിശദീകരിച്ചത്. സൗമ്യയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യംചെയ്യലില്‍ ഇതും പൊലീസ് വിശദമായി അന്വേഷിക്കും. വിഷമടങ്ങിയ കുപ്പി വീട്ടുപറമ്പിലെ പൈപ്പ് കമ്പോസ്റ്റില്നിന്നാണ് പൊലീസ് കണ്ടെടുത്തത്.
ഭര്‍ത്താവുമൊന്നിച്ച് കൊടുങ്ങല്ലൂരില്‍ താമസിക്കുമ്പോള്‍ എലിവിഷം കഴിച്ച് സൗമ്യ ചികിത്സ തേടിയ തൃശൂര്‍ താലൂക്ക് ആശുപത്രിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചികിത്സാരേഖകള്‍ കണ്ടെത്താനായില്ല. എലിവിഷം കഴിച്ചത് സംബന്ധിച്ച് സൗമ്യയും ഭര്‍ത്താവ് കിഷോര്‍കുമാറും നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ചികിത്സാരേഖകള്‍ വിശദമായി പരിശോധിക്കാന്‍ നിശ്ചയിച്ചത്. സൗമ്യയുമായി നേരേത്ത അടുപ്പമുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.