പിണറായി വിജയൻ

സർക്കാറിന് തിരിച്ചടിയോട് തിരിച്ചടി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് തൊട്ടതെല്ലാം പിഴക്കുന്നതോടെ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യു.ഡി.എഫിനെ പൂട്ടാനിറങ്ങി ഒടുവിൽ സ്വന്തം മുന്നണി കൺവീനർ വധശ്രമത്തിന് പ്രതിയാകുന്നത് കാണുകയാണ് എൽ.ഡി.എഫ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമേൽ പ്രതികാര രാഷ്ട്രീയ ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോൾ വിവാദങ്ങളിലും തിരിച്ചടികളിലുംനിന്ന് കരകയറാൻ വഴിതേടുകയാണ് സർക്കാർ.

വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഹൈകോടതി ജാമ്യം അനുവദിക്കുമ്പോഴാണ് മുൻകൂർ ജാമ്യത്തിന് ഉൾപ്പെടെ വഴിതേടാൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നിർബന്ധിതനാകുന്നത്. മുഖ്യമന്ത്രിയുടെ സഹായിയും ഗൺമാനും പ്രതിയാകുന്നതും തിരിച്ചടിയായി. നിയമസഭ വ്യാഴാഴ്ച പിരിയുന്നതാണ് ഏക ആശ്വാസം. യൂത്ത് കോൺഗ്രസിന്‍റെ പരാതി പരിഗണിക്കാതെ തള്ളിയ പൊലീസിന് ആരാണ് നിയമോപദേശം നൽകിയതെന്ന ചോദ്യം ഭരണപക്ഷത്ത് ഉയർന്നു കഴിഞ്ഞു. സ്വർണക്കടത്ത് കേസ് വിവാദങ്ങൾക്കിടയിലായിരുന്നു വിമാനത്തിലെ സംഭവങ്ങൾ. അത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് തിരിച്ചടിയായത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ വിളിക്ക് കൊളുത്തി 2006ൽ ഉദ്ഘാടനം ചെയ്ത വിവാദമാണ് ഇതിനിടയിൽ ആകെ കിട്ടിയ പിടിവള്ളി. അതും നേരാംവണ്ണം ഉപയോഗിക്കാനായില്ലെന്ന കുണ്ഠിതമാണ് അണികൾക്ക്. സ്വർണക്കടത്ത് കേസ് കേരളത്തിൽനിന്ന് നീക്കാനുള്ള കേന്ദ്ര ഏജൻസിയുടെ ശ്രമം പുതിയ വെല്ലുവിളിയാണ്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ വിശ്വാസ്യതയിൽ പ്രതിപക്ഷത്തിനുതന്നെ വിശ്വാസം കുറവാണെങ്കിലും മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ ഒരു ദാക്ഷിണ്യവും അവർ നൽകുന്നില്ല. എം.എം. മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവന ശ്രദ്ധതിരിക്കാൻ സഹായകമായെങ്കിലും നാണക്കേട് നിയമസഭയിൽനിന്ന് പുറത്തേക്ക് പടർന്നതോടെയാണ് അത് അവിടെതന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മണിയുടെ ഖേദപ്രകടനത്തെ ആവുംവിധം സ്വാഭാവികമാക്കാനും പാർട്ടിക്ക് കഴിഞ്ഞു. നേരത്തേ വിദ്വേഷ പ്രസംഗത്തിലും പീഡന പരാതിയിലും പി.സി. ജോർജിനെ 'പൂട്ടാൻ' ശ്രമിച്ച പൊലീസിന്‍റെ ശ്രമം പൊളിഞ്ഞതും നാണക്കേടായിരുന്നു.

Tags:    
News Summary - Pinarayi government in political defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.