കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണമെന്ന് മുഖ്യമന്ത്രി; സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും

കെ.എസ്.ആർ.ടി.സിയിൽ ശമ്പളംപോലും കൃത്യമായി നല്‍കാന്‍ കഴിയാതെ വരുന്നത് കോര്‍പ്പറേഷന്‍റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കർശന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. 

2016നു ശേഷം കെ.എസ്.ആര്‍.ടി.സിക്ക് 7454.02 കോടി രൂപ സര്‍ക്കാര്‍ നല്‍കി. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. രാജ്യത്തെ മറ്റൊരു സംസ്ഥാന സര്‍ക്കാരും ഈ കാലയളവില്‍ ഇത്രയും സഹായം ഒരു റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കോവിഡ് മഹാമാരിയും ഇന്ധനവിലവര്‍ദ്ധനവും കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രുക്ഷമാവുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി എഴുതി. ഖന്ന റിപ്പോര്‍ട്ടു പ്രകാരം മാനേജ്മെന്‍റും തൊഴിലാളികളും നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതും പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിക്കാന്‍ ഇടയാക്കി. 

2016-17 ല്‍ 325 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി സംസ്ഥാനത്ത് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് 2021-22ല്‍ 2076 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി. എന്നിട്ടും ശമ്പളംപോലും കൃത്യമായി നല്‍കാന്‍ കഴിയാതെ വരുന്നത് കോര്‍പ്പറേഷന്‍റെ കെടുകാര്യസ്ഥതയുടെ ഭാഗം കൂടിയാണ്. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരും, മാനേജ്മെന്‍റ് തലത്തില്‍ ഉദ്യോഗസ്ഥരും കര്‍ശന നിലപാട് സ്വീകരിക്കണം. കെഎസ്ആര്‍സിയുടെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാരും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സേവനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ പുനരധിവാസത്തിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് കെ.എസ്. ആര്‍.ടി.സി സ്വിഫ്റ്റില്‍ പിഎസ്.സി അണ്‍ അഡ്വൈസ്ഡ് ലിസ്റ്റില്‍ നിന്നും ഡ്രൈവര്‍മാരെയും മാറ്റിനിര്‍ത്തപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. മാറ്റി നിര്‍ത്തപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും മുഖ്യമന്ത്രി എഴുതി.

ജില്ലാ വര്‍ക്ഷോപ്പുകള്‍ അടിസ്ഥാനമാക്കി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ പുനര്‍വിന്യസിക്കും. അതത് വര്‍ക്ഷോപ്പുകളിലുള്ള ഡിപ്പോകളിലെ ഡെയ്ലി മെയിന്‍റനന്‍സുകളുടെ ആവശ്യകത പരിശോധിച്ച് ഓരോ മൂന്നു മാസ കാലയളവിലേക്കും ആവശ്യമായ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ നിശ്ചയിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജില്ലാ വര്‍ക് ഷോപ്പുകളില്‍ നിന്നും ആവശ്യത്തിനനുസരിച്ച് ഡിപ്പോ, സബ്ഡിപ്പോ ഓപ്പറേറ്റിംഗ് സെന്‍ററുകളിലേക്ക് ഇവരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

12 മണിക്കൂര്‍ വരെ 'സ്പ്രെഡ് ഓവര്‍' ഉള്‍പ്പെടെയുള്ള സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കും. ഇപ്രകാരം ഡ്യൂട്ടി നടപ്പിലാക്കുമ്പോള്‍ അത് ആഴ്ചയില്‍ ആറുദിവസത്തേക്കും ബാധകമായിരിക്കുമെന്നും മുഖ്യമ​ന്ത്രി എഴുതി.  

കോര്‍പ്പറേഷനെ മൂന്ന് സോണുകളായി വിഭജിക്കും. സ്വയംഭരണാധികാരമുള്ള ലാഭകേന്ദ്രങ്ങളായി ഓരോ സോണുകളും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ജീവനക്കാര്‍ക്ക് അനുവദിച്ചുവരുന്ന സ്ഥലംമാറ്റത്തിനുള്ള പ്രൊട്ടക്ഷന്‍, യൂണിയനുകള്‍ നേടിയിട്ടുള്ള വോട്ട് ശതമാനത്തിന് വിധേയമായി പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

Tags:    
News Summary - Pinarayi criticizes KSRTC management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.