പിണറായി-ബിനോയ് കൂടിക്കാഴ്ച ഉച്ചകഴിഞ്ഞ്; പി.എം ശ്രീയിൽ തുടർനടപടി വൈകിപ്പിക്കാൻ സർക്കാർ നീക്കം

ആലപ്പുഴ: പി.എം ശ്രീ വിവാദത്തിൽ രൂക്ഷ വിമർശനം ഉയർത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. സി.പി.ഐ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. കൂടാതെ, ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടി എൽ.ഡി.എഫ് യോഗം വൈകാതെ ചേരാനും സി.പി.എം സെക്രട്ടറിയേറ്റിൽ തീരുമാനിച്ചതായാണ് വിവരം.

അതേസമയം, പി.എം ശ്രീയിൽ സി.പി.ഐയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സി.പി.എം സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി. ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പി.എം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥ തലത്തിൽ നീക്കുന്നത് സാവധാനത്തിലാക്കാനാണ് പുതിയ തീരുമാനം. ഇതുപ്രകാരം പി.എം ശ്രീ പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല. ഇത് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം ലഭിച്ച ശേഷമെ ഉദ്യോഗസ്ഥർ കൈമാറൂ.

കൂടാതെ, സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടത് മുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെ പി.എം ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന സാധ്യത ചർച്ച ചെയ്യും. ശേഷം പി.എം ശ്രീയെ കുറിച്ച് പഠിക്കുന്നതിന് എൽ.ഡി.എഫിൽ സബ്കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയായിരിക്കും തുടർനടപടികൾ ഏത് വിധത്തിൽ വേണമെന്ന് നിർദേശിക്കുക.

അതിനിടെ, പി.എം ശ്രീയിലെ തുടർ നിലപാട് തീരുമാനിക്കാനുള്ള സി.പി.ഐയുടെ നിർണായക സംസ്ഥാന നിർവാഹക സമിതിയോഗം ആലപ്പുഴയിൽ നടക്കുകയാണ്. സംസ്ഥാന സെക്രട്ടറിയെ കൂടാതെ പാർട്ടി മന്ത്രിമാരും നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പി.എം ശ്രീ പദ്ധയിൽ നിന്ന് കേരള സർക്കാർ പിന്മാറണമെന്ന നിലപാട് ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ആവർത്തിച്ചു.

അതേസമയം, പി.എം ശ്രീ വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നിലപാട് മയപ്പെടുത്താത്ത പ്രതികരണമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പാർട്ടി മന്ത്രിമാരും നടത്തിയത്. ചർച്ചയുടെ വാതിൽ എൽ.ഡി.എഫിൽ എപ്പോഴും തുറന്നു കിടപ്പുണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ഇടത് മുന്നണിയിലെ പാർട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. അതിനാൽ, മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യും. ചർച്ചയുടെ എല്ലാ വാതിലും എൽ.ഡി.എഫിൽ ഉണ്ടാകും. എൽ.ഡി.എഫ് എൽ.ഡി.എഫ് ആണെന്നും ആശയ അടിത്തറയും രാഷ്ട്രീയ അടിത്തറയും ഉണ്ട്. അതുകൊണ്ട് പരസ്പര ബന്ധങ്ങളുണ്ട്. ചർച്ചകളുണ്ടാകുമെന്നും ബിനോയ് വ്യക്തമാക്കി.

പി.എം ശ്രീയിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സി.പി.എം നേതാവും മന്ത്രിയുമായ കെ. രാജൻ പറഞ്ഞു. പറയേണ്ട കാര്യങ്ങൾ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. സി.പി.ഐ കൃത്യമായ നിലപാടുള്ള പാർട്ടിയാണെന്നും കെ. രാജൻ വ്യക്തമാക്കി.

പി.എം ശ്രീയിൽ നിലപാട് മാറ്റമില്ലെന്ന് മന്ത്രി ജെ. ചിഞ്ചു റാണി വ്യക്തമാക്കി. ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ല. സി.പി.ഐയും സി.പി.എമ്മും തമ്മിലാണ് സമവായം നോക്കേണ്ടത്. വിഷയത്തിൽ അന്തിമ തീരുമാനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അത് സെക്രട്ടറി പറയുമെന്നും ജെ. ചിഞ്ചു റാണി ചൂണ്ടിക്കാട്ടി.

പാർട്ടി നിലപാടാണ് സെക്രട്ടറി പറഞ്ഞതെന്ന് മന്ത്രി ജി.ആർ. അനിലും വ്യക്തമാക്കി. നയപരമായ വിഷയത്തിൽ സംഘടനാപരമായ തീരുമാനം എടുക്കാനാണ് നിർവാഹക സമിതി യോഗം ചേരുന്നത്. പാർട്ടി പറയുന്ന കാര്യത്തിൽ ഒരു തുള്ളി വെള്ളം പോലും ചേർക്കില്ല. രാജിയല്ല, ചർച്ചയാണ് പരിഹാരം. പാർട്ടിക്ക് അപ്പുറം മന്ത്രിയുണ്ടോ എന്നും ജി.ആർ. അനിൽ ചോദിച്ചു.

Tags:    
News Summary - Pinarayi-Binoy meeting in the afternoon in PM Shri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.