രേഖകൾ പുറത്തുവിടണം, വൈദ്യുതി കരാറിന് പിന്നിൽ അതീവ ഗൗരവമുള്ള കാര്യങ്ങൾ; സർക്കാറിനെതിരെ ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്നും വൈദ്യുതി കരാറിലെ നടപടികൾ ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതീവ ഗൗരവമായ കാര്യങ്ങൾ കരാറിന് പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ നല്ല മഴ ലഭിച്ചതോടെ രാജ്യത്ത് ആകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട സാഹചര്യമാണിത്. പൊതുസാഹചര്യം ഇതാണെങ്കിലും സർക്കാരും മുഖ്യമന്ത്രിയും പ്രതിസന്ധിയാണ് എന്നാണ് പറയുന്നത്. എന്താണ് ഇതിന്റെ അടിസ്ഥാനമെന്ന് മനസ്സിലാകുന്നില്ല.

പ്രതിസന്ധിയുണ്ടെന്ന പരസ്യവാദം ഉയർത്തി, ക്ഷാമമുണ്ടെന്ന പ്രതീതി ഉണ്ടാക്കുകയാണ്. രാജ്യത്തെ കുത്തക കമ്പനികളാണ് വൈദ്യുതി ഉൽപാദനം നടത്തുന്നത്. സർക്കാർ നടപടി കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ എന്നത് പരിശോധിക്കണം -പിണറായി പറഞ്ഞു.

വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാധാരണ വൈദ്യുതി ബോർഡാണ് തീരുമാനമെടുക്കുക. ബോർഡ് തെറ്റായ നിലപാട് എടുത്താൽ സർക്കാർ ഇടപെടേണ്ടിവരും. എന്നാൽ, വൈദ്യുതി ബോർഡും വൈദ്യുതി മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

കരാർ ഒപ്പിടാൻ താനാണ് തീരുമാനിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിലെന്തോ ഒളിപ്പിക്കാനുണ്ട്. അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിക്ക് മറുപടിയില്ല. രാജ്യത്ത് വൈദ്യതി ഉൽപാദിപ്പിക്കുന്ന കമ്പനിയല്ല ജി.എൻ.എ. ഒരു പ്ലാറ്റ് ഫോം മാത്രമാണ്. അപ്പോൾ ആരുടെ വൈദ്യുതിയാണ് ജി.എൻ.എ നൽകുന്നത്... തുടങ്ങിയ ചോദ്യങ്ങൾക്കൊന്നു ഉത്തരമില്ലെന്നും പിണറായി വിമർശിച്ചു.

പവര്‍ സെക്രട്ടറി കൂടിയായ രാജമാണിക്യം പ്രാപ്തനായ ഉദ്യോഗസ്ഥനാണ്. കാര്യങ്ങള്‍ പരിശോധിച്ച് ശരികേട് സര്‍ക്കാരിനെ അറിയിക്കുകയാണ് അദ്ദേഹം ചെയ്തത്. സമ്മര്‍ദത്തിനു വഴങ്ങാതിരുന്നതു കൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയത്.

കെ.എസ്.ഇ.ബി എതിര്‍പ്പറിയിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് തെറ്റാണ്. കത്തില്ലെന്ന് പറയുന്നത് ആരെ രക്ഷിക്കാനാണ്. ഈ ഇടപാടിലെ അന്തര്‍നാടകങ്ങള്‍ ദുരൂഹമാണ്. അതു മാറ്റാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പുറത്തുവിടണം.

മന്ത്രി സണ്ണി ജോസഫ് ഹിമാചല്‍ പ്രദേശിന് അനുകൂലമായി ഫയലില്‍ കുറിച്ചുവെന്നതും വസ്തുതയാണ്. ഇത് കൃത്യമായി അറിയുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.