അയനം സി.വി. ശ്രീരാമൻ കഥാപുരസ്കാരം സി.വി.ബാലകൃഷ്ണന്
തൃശൂർ: അയനം സാംസ്കാരിക വേദിയുടെ പതിനേഴാമത് അയനം–സി.വി. ശ്രീരാമൻ കഥാപുരസ്കാരത്തിന് സി.വി. ബാലകൃഷ്ണന്റെ 'സ്വേച്ഛ' എന്ന കഥാസമാഹാരം അർഹമായി. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ചെയർമാനും ഡോ. സ്വപ്ന സി. കോമ്പാത്ത്, ടി.ജി. അജിത എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിനായി കൃതി തെരഞ്ഞെടുത്തത്.
ഏകാന്തമായ മനുഷ്യാവസ്ഥകളുടെ അനുഭവചിത്രങ്ങളെ മലയാള സാഹിത്യത്തിൽ സൂക്ഷ്മതയോടെയും തീവ്രതയോടെയും അവതരിപ്പിച്ച കഥാകാരനാണ് സി.വി. ബാലകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. ദൈവികവും മാനുഷികവുമായ പ്രതിസന്ധികളും സങ്കീർണതകളും ആവിഷ്കരിക്കുമ്പോൾ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ശിൽപപരമായ ഒതുക്കത്തോടെയും മികവോടെയും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു.
സ്വേച്ഛാധിപത്യ ലോകത്ത് അധികാരദുർവിനിയോഗവും അടിച്ചമർത്തലുകളും സൃഷ്ടിക്കുന്ന ഭീതിദമായ പശ്ചാത്തലത്തിലാണ് 'സ്വേച്ഛ'യിലെ കഥകൾ രചിക്കപ്പെട്ടിരിക്കുന്നത്. സമകാലിക ലോക രാഷ്ട്രീയ സാഹചര്യങ്ങളെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന ഈ കഥകൾ, ഇരുണ്ട കാലത്തിലൂടെ കടന്നുപോകുന്ന ജനസമൂഹങ്ങൾക്ക് ജനാധിപത്യത്തിന്റെ വെളിച്ചം ഇനിയും പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ നൽകുന്നു. അധികാരവും ഹിംസയും വേട്ടയാടുന്ന മനുഷ്യരെ ശുഭകരമായ ഭാവിയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന കഥാലോകമാണ് സി.വി. ബാലകൃഷ്ണന്റേതെന്നും ജൂറി വിലയിരുത്തി.
നവംബർ 30ന് വൈകിട്ട് അഞ്ചിന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നിയും കൺവീനർ പി.വി. ഉണ്ണികൃഷ്ണനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.