സി.പി.ആർ നൽകിയ ചിത്രകലാധ്യാപകൻ കെ.കെ.സനിൽ കുമാർ

ക്ലാസ് റൂമിൽ ഷോക്കേറ്റ് ബോധം പോയി; അധ്യാപകനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് സഹപ്രവർത്തകൻ

മാഹി : ക്ലാസ് റൂമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് ബോധം പോയ അധ്യാപകന് ജീവൻ തിരിച്ചു കൊണ്ടുവന്നത് സഹപ്രവർത്തകൻ. ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലെ അധ്യാപകനായ മലയാള അധ്യാപകൻ ആൻറണി മാത്യു (28) വിനാണ് ഷോക്കേറ്റത്. എന്നാൽ സഹപ്രവർത്തകന്റെ സി.പി.ആർ നൽകിയുള്ള സമയോചിത ഇടപെടലിൽ പുതുജീവനാണ് ആൻറണിക്ക് ലഭിച്ചത്.

കഴിഞ്ഞദിവസം സ്കൂളിലെ ഏഴാം ക്ലാസിൽ അവസാന പിരീഡിൽ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു അധ്യാപകൻ. ബോർഡിൽ എഴുതുമ്പോൾ വെളിച്ചക്കുറവിനെ തുടർന്ന് ലൈറ്റ് ഇടാൻ ശ്രമിക്കവേയാണ് അധ്യാപകന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ട് അധ്യാപകൻ നിലത്ത് വീണപ്പോൾ വിദ്യാർഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ചിത്രകല അധ്യാപകനും കളരി ഗുരുക്കളുമായ ആർട്ടിസ്റ്റ് സനിൽ കുമാർ സ്ഥലത്തെത്തി. ഉടനെ ബോധം നഷ്ടപ്പെട്ട് അധ്യാപകന് സി.പി.ആർ നൽകുകയും രക്ഷിക്കുകയുമായിരുന്നു. തുടർന്ന് മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട അധ്യാപകൻ അപകടനില തരണം ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് ഇതേ വിദ്യാലയത്തിൽ വെച്ച് ഇതുപോലെ ഒരു വിദ്യാർഥിക്കും ഷോക്കേറ്റിരുന്നു. മാഹിയിലെ സർക്കാർ വിദ്യാലയങ്ങളുടെ വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് രക്ഷിതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. പല വിദ്യാലയങ്ങളിലും വർഷങ്ങൾക്കുമുമ്പുള്ള വയറിങ് ആണ് നിലവിലുള്ളത്.

Tags:    
News Summary - Teacher Revived by Colleague After Suffering Electric Shock in Classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.