തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പ്രതികരണവുമായി സമുദായ സംഘടനകളും എൽ.ഡി.എഫ് -യു.ഡി.എഫ് നേതാക്കളും. വിഷയത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
ശബരിമല യുവതി പ്രവേശനത്തെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ എതിർക്കണമെന്ന് എൻ.എസ്.എസ് പ്രതികരിച്ചു. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും എതിർ നിലപാട് സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു.
ആചാര സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ല. പഴയ ആചാരക്രമങ്ങൾ നിലനിർത്താൻ എന്ത് നടപടിയാണോ വേണ്ടത് അത് സർക്കാർ സ്വീകരിക്കണം. സർക്കാർ അനൗപചാരികമായി നിലപാട് തിരുത്തിയ സാഹചര്യത്തിൽ അനുകൂല സത്യവാങ്മൂലം നൽകേണ്ടത് അത്യാവശ്യമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഒളിച്ചുകളി പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സുപ്രീംകോടതിയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം തിരുത്തി നൽകാൻ സർക്കാർ തയാറുണ്ടോ എന്നും വ്യക്തമാക്കണം. അഴകുഴമ്പൻ സമീപനം പറ്റില്ല. എന്താണ് നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
യുവതി പ്രവേശനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ടോ?. തെറ്റ് പറ്റിയെന്ന് അന്നത്തെ ദേവസ്വം മന്ത്രി പറഞ്ഞ സാഹചര്യത്തിൽ സത്യവാങ്മൂലം പിൻവലിക്കണം. യുവതി പ്രവേശനത്തിൽ സർക്കാറിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാകാൻ പോവുകയാണ്. നിലവിലെ സർക്കാർ മാറാൻ പോവുകയാണ്. യു.ഡി.എഫ് സർക്കാർ വരുമ്പോൾ യുവതി പ്രവേശനത്തിലെ നിലപാട് വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സി.പി.എം നിലപാടിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ഏത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് സർക്കാരാണ് കോടതിയിൽ പറയേണ്ടതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
എന്താണ് നിലപാടെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കണം എന്നതാണ് സി.പി.എം നിലപാട്. എന്നാൽ, ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തണം. ഇവ രണ്ടും രണ്ടാണെന്നും എന്നാൽ ഒരുമിച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളോട് ഏറ്റവും കൂറുള്ളത് സി.പി.എമ്മിനാണ്. വിശ്വാസികൾക്ക് ഒരു ജനാധിപത്യവും അല്ലാത്തവർക്ക് മറ്റൊരു ജനാധിപത്യവുമില്ല. സുപ്രീംകോടതിയുടെ നിലപാടാണ് മുമ്പ് സർക്കാർ നടപ്പാക്കിയത്. കോടതിയുടെ നിലപാട് വരട്ടെ. ജനാധിപത്യ അന്തസ്സ് ഉയർത്തി പിടിച്ച് സി.പി.എം മുന്നോട്ടു പോകുമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്നത് കേരളത്തിന്‍റെ ആവശ്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കേരള ജനത ഒരുപാട് അനുഭവിച്ചതാണ്. സർക്കാറിനുള്ള അവസാന ചാൻസ് ആണ്. കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുമ്പോൾ സർക്കാറിന് പിന്നോട്ട് പോകാൻ സാധിക്കില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനത്തിൽ കോൺഗ്രസിന് ഒരു നിലപാടേയുള്ളൂവെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യുവതി പ്രവേശനം അനുവദനീയമല്ലാത്തത് കൊണ്ടാണ് ഉമ്മൻചാണ്ടി സർക്കാർ എതിർ സത്യവാങ്മൂലം നൽകിയത്. എന്നാൽ, ഈ നിലപാട് മാറ്റിയാണ് പിണറായി സർക്കാർ യുവതി പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകിയത്. സി.പി.എമ്മിന്‍റെ നിലപാടാണ് മുഖ്യമന്ത്രിയിൽ നിന്ന് അറിയേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.
ആചാരങ്ങളും വിശ്വാസങ്ങളും ശബരിമലയുടെ പ്രത്യേകതകളും അനുസരിച്ച് ശബരിമലയിൽ യുവതി പ്രവേശനം പാടില്ല. 50 വയസ് കഴിഞ്ഞ സ്ത്രീകൾ പ്രവേശിക്കുന്നതിൽ ആരും എതിരല്ല. യുവതി പ്രവേശനം അനുവദിച്ച ശേഷം നാട്ടിലിറങ്ങി ജനങ്ങളോട് മാപ്പ് പറഞ്ഞവരാണ് സി.പി.എം എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.