പാലക്കാട്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന മുൻ നിലപാട് തന്നെയാണോ സി.പി.എമ്മിനുള്ളതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. യുവതി പ്രവേശന കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് പറഞ്ഞോളും. അതില്‍ നിങ്ങളാരും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് ഇന്നുതന്നെ വാര്‍ത്തയാക്കേണ്ട കാര്യമില്ല. കോടതി എന്തു നിലപാട് സ്വീകരിക്കുമെന്ന് നമുക്ക് നോക്കാം.
കോടതി പറയട്ടെ, കോടതി അന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്ന് നിലപാടെടുത്തത്. കോടതി കയറ്റണമെന്ന് പറഞ്ഞാല്‍ കയറ്റണം, കയറ്റണ്ട എന്നു പറഞ്ഞാല്‍ കയറ്റണ്ട. കോടതി പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ അന്തസ് ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ മുന്നോട്ടു പോകുന്നത്. അതല്ലാതെ ഫ്യൂഡല്‍ അന്തസൊന്നുമല്ല എന്നും ഗോവിന്ദന്‍ പറഞ്ഞു.
യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പറഞ്ഞതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, അക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. 'സര്‍ക്കാര്‍ നിലപാട് എന്തെന്ന് എനിക്കെങ്ങനെ പറയാന്‍ കഴിയും. ഞാനാണോ സര്‍ക്കാര്‍? കോടതിയുടെ ഭാഗമായിട്ട് പറയേണ്ട കാര്യം കോടതിയിലല്ലേ പറയുക എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കണം. എന്നാല്‍ ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും വേണം. അതാണ് സി.പി.എമ്മിന്റെ നിലപാട്. ഇനി കോടതി കേസ് പരിഗണിക്കുമ്പോള്‍, സര്‍ക്കാര്‍ നിലപാടു മാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന്, സാങ്കല്‍പ്പികമായ ചോദ്യം ചോദിച്ചാല്‍ സാങ്കല്‍പ്പികമായ ഉത്തരം പറയില്ല എന്നായിരുന്നു ഉത്തരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.