ശ്രീറാമും വഫയും തമ്മിലെ വഴിവിട്ട ബന്ധത്തിന്‍റെ തെളിവുകൾ കെ.എം. ബഷീറിന്‍റെ പക്കലുണ്ടായിരുന്നെന്ന്

​കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച്​ കൊലപ്പെടുത്തിയ ഐ.എ.എസ്​ ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നിർണായക വിവരങ്ങൾ. ഒന്നാം പ്രതിയായ ​ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫ ഫിറോസുമായുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച തെളിവുകൾ ബഷീറിന്‍റെ പക്കൽനിന്ന്​ കൈക്കലാക്കാൻ മനപ്പൂർവം കാറിടിച്ച്​ കൊലപ്പെടുത്തുകയായിരുന്നെന്നാണ്​ ഹരജിയിൽ പറയുന്നത്​.

ബൈക്കിൽ ​വീട്ടിലേക്ക്​ വരുകയായിരുന്ന ബഷീർ, ശ്രീറാമിനെയും വഫയെയും സംശയകരമായ സാഹചര്യത്തിൽ ക​ണ്ടപ്പോൾ ഫോണിൽ ദൃശ്യം ചിത്രീകരിച്ചു. ഇത്​ ഇവരുടെ ശ്രദ്ധയിൽപെട്ടു. ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ കൈവശപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ വാഹനമിടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്​ കേവലം കാർ അപകടമാക്കി ഇതിനെ മാറ്റാൻ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു.

ബഷീറിന്‍റെ രണ്ട്​ ഫോണുകളിൽ പഴയ ​ഫോൺ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നാണ്​​ ​മഹസ്സറിൽ എഴുതിയിരിക്കുന്നത്​. വിവാദ ദൃശ്യങ്ങളുള്ള​ ഫോൺ കണ്ടെത്താൻ ശ്രമിക്കാതെ തെളിവ്​ നശിപ്പിക്കാൻ സഹായിക്കുകയാണ്​ ചെയ്തത്​. അന്വേഷണം പ്രതിയെ രക്ഷപ്പെടുത്തുന്ന രീതിയിലാണ്​ നടത്തിയിട്ടുള്ളതെന്നും ബഷീറിന്‍റെ സഹോദരൻ കെ.എം. അബ്​ദുറഹ്​മാൻ നൽകിയ​ ഹരജിയിൽ പറയുന്നു.

പ്രതിയെ സഹായിക്കാനുള്ള നടപടികളാണ്​ തുടക്കം മുതലേ പൊലീസും പ്രോസിക്യൂഷനും​ നടത്തിയത്​. ഇപ്പോൾ നടത്തിയ അന്വേഷണവും കണ്ടെടുത്ത രേഖകളും സമർപ്പിച്ച റിപ്പോർട്ടുമൊന്നും കേസിന്‍റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മതിയാവുന്നതല്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ ബഷീറിന്‍റെ മാതാവ്​ അടക്കം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

പിന്നീട്​ സി.ബി.ഐ അ​ന്വേഷണം ആവശ്യപ്പെട്ടും പരാതി നൽകി. ഇതിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ്​ ഹൈകോടതിയെ സമീപിക്കുന്നതെന്ന്​ ഹരജിയിൽ പറയുന്നു. കേസിലെ പ്രതി സ്വാധീനമുള്ള ഐ.എ.എസ്​ ഓഫിസറാണെന്നത്​ കണക്കിലെടുത്ത്​ ഇദ്ദേഹത്തിന്‍റെ അധികാര പരിധിക്കപ്പുറമുള്ള സി.ബി.ഐയെക്കൊണ്ട്​ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - Petition in High Court seeking CBI investigation with crucial disclosures in KM Basheer death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.