പെരിയ കേസ്​: സർക്കാർ ചെലവിട്ട 88 ലക്ഷം സി.പി.എം തിരിച്ചടക്കണം -ഉമ്മന്‍ ചാണ്ടി

പെരിയ (കാസർകോട്​): പെരിയ ഇരട്ടക്കൊലക്കേസ്​ അട്ടിമറിക്കാൻ സർക്കാർ ഖജനാവിൽനിന്ന്​ ചെലവഴിച്ച 88 ലക്ഷം സി.പി.എം തിരിച്ചടക്കണം മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനേയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള 5 സി.പി.എം പ്രവര്‍ത്തകരെ ഇന്നലെ സി.ബി.ഐ അറസ്റ്റ് ചെയ്ത പശ്​ചാത്തലത്തിലാണ്​ ഉമ്മൻചാണ്ടിയുടെ പ്രതികരണം.

പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ സർക്കാർ ഖജനാവില്‍നിന്ന് ചെലവഴിച്ച 88 ലക്ഷം രൂപ സി.പി.എം തിരിച്ചടക്കണം. പാര്‍ട്ടിയുടെ ആവശ്യത്തിന് എതിര്‍ പാര്‍ട്ടിക്കാരുടെ ജീവനെടുത്ത ശേഷം ഡല്‍ഹിയില്‍നിന്ന് സുപ്രീംകോടതി അഭിഭാഷകരെയും മറ്റും സര്‍ക്കാര്‍ ചെലവില്‍ ഇറക്കുമതി ചെയ്യുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

2021 ഏപ്രില്‍ 17നു അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫിസില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസില്‍ ജനാവില്‍നിന്ന് അഭിഭാഷകര്‍ക്ക് അന്നുവരെ 88ലക്ഷം രൂപയാണ് നൽകിയത്. ഷുഹൈബ് വധക്കേസില്‍ 75.40 ലക്ഷം രൂപയും. ഏപ്രില്‍ 17നുശേഷം അനുവദിച്ച തുക ഈ പട്ടികയിലില്ല.

സംസ്ഥാനത്ത് ഒരു അഡ്വക്കേറ്റ് ജനറല്‍, ഒരു സ്‌റ്റേറ്റ് അറ്റോര്‍ണി, ഒരു ഡി.ജി.പി, രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, 2 അഡീഷണല്‍ ഡി.ജി.പിമാര്‍ എന്നിവരും 150ഓളം പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഉള്ളപ്പോഴാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ ഈടാക്കുന്ന അഭിഭാഷകരെ കൊണ്ടുവന്നത്.

പെരിയ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന്​ ഹൈകോടതി ഉത്തരവിട്ടപ്പോള്‍ ഏതു വിധേനയും സി.ബി.ഐയെ തടയാനാണ് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ പോയത്. എന്നാല്‍ നീതിപീഠത്തിന്‍റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് സി.ബി.ഐ അന്വേഷണം സാധ്യമായതും സി.പി.എമ്മുകാരായ പ്രതികള്‍ അറസ്റ്റിലായതും. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത്.

പെരിയകേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കാസർകോട്​ ജില്ലാ ആശുപത്രിയില്‍ ജോലി നൽകിയതും വന്‍ വിവാദമായിരുന്നു. ശിലായുഗത്തിലാണ് ഇപ്പോഴും സി.പി.എമ്മെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

Tags:    
News Summary - periya murder case: CPM should repay Rs 88 lakh spent by government: Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.