'സാധാരണ ജനങ്ങൾ വലിയ തുകയാണ്​ പിഴയടക്കുന്നത്​; പിണറായിക്കും 22 പേർക്കെതിരെയും പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കണം'; പൊലീസിൽ പരാതിയുമായി പി.സി തോമസ്​

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി മുൻ എം.പിയും കേരള കോൺഗ്രസ്​ നേതാവുമായ പി.സി തോമസ്​ തിരുവനന്തപുരം കണ്ടോൾമെൻറ്​ പൊലീസിൽ പരാതി നൽകി. ട്രിപ്പിൾ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത്, എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് 'സന്തോഷം' പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്​തുവെന്ന്​ പരാതിയിൽ പി.സി തോമസ്​ ആരോപിച്ചു. പരാതിയിൽ ഒന്നാം പ്രതിയായി മുഖ്യമന്ത്രിയെയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ചട്ടങ്ങൾ പഠിപ്പിക്കുന്ന മുഖ്യമന്ത്രിക്കും മറ്റു പ്രതികൾക്കും തങ്ങൾ ചെയ്യുന്ന കുറ്റം അറിയാമായിരുന്നു. ഒന്നാംപ്രതി ഒറ്റക്കും മറ്റുപ്രതികളുമായി ചേ൪ന്ന്​ കൂട്ടായും ശിക്ഷാർഹമായ കുറ്റങ്ങൾ ചെയ്​തിരിക്കുകയാണ്. മറ്റ് പ്രതികളിൽ ചിലർ മന്ത്രിമാരും എം.എൽ.എമാരും ആണ്. മുഴുവൻ പ്രതികളും ഇന്ത്യൻ ശിക്ഷാ നിയമത്തിനും, മഹാമാരി നേരിടാൻ വേണ്ടി കേന്ദ്ര കേരള സർക്കാറുകൾ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരായിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത്. കൂട്ടമായി നടത്തിയ ഈ നിയമവിരുദ്ധ പരിപാടി ടെലിവിഷനുകളിൽ വ്യക്തമായി കാണിക്കുകയുണ്ടായി. അവയെല്ലാം ഇവർ ചെയ്​ത കുറ്റം ഏറ്റവും നന്നായി വെളിപ്പെടുത്തുന്ന തെളിവുകളാണ്.

പ്രതികൾ "ഇന്ത്യൻ ശിക്ഷാനിയമം" 141, 142, 143, വകുപ്പുകൾ പ്രകാരവും, "കേരള എപ്പിഡെമിക് ഡിസീസ് ആക്ട് 2020" പ്രകാരവും, കുറ്റക്കാരും ശിക്ഷാർഹരുമാണ്. കൂടാതെ ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ പ്രകാരമുള്ള സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റക്കാർ ആകുന്നതും അത്തരം സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിന് അയോഗ്യരാകുന്നതും ആണ്. എം.എൽ.എമാർ നടത്തിയിട്ടുള്ള സത്യപ്രതിജ്ഞാ ലംഘനവും കുറ്റകരവും നടപടിക്ക് വിധേയവുമാണ്.

ഒന്നാംപ്രതി പ്രത്യേക താൽപര്യമെടുത്ത് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം സാധാരണക്കാരായ ജനങ്ങൾ കോവിഡ് സംബന്ധമായ ചട്ടങ്ങളും പ്രോട്ടോകോളും തെറ്റിച്ചു എന്നാരോപിച്ച പ്രകാരം ഒരു കോടി മുപ്പത് ലക്ഷത്തിൽ കൂടുതൽ തുകയാണ് ഏതാനും ദിവസങ്ങൾ കൊണ്ട് പൊലീസിൽ കൊടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് "മിനി ലോക്ക് ഡൗൺ" ഉണ്ടായിരുന്ന കാലത്ത് ചെയ്തതായി പറയപ്പെടുന്ന തെറ്റുകൾക്കാണ്. എന്നാൽ പ്രതികൾ ചെയ്ത കുറ്റം "ട്രിപ്പിൾ ലോക്ക് ഡൗൺ" കാലഘട്ടത്തിലാണ് എന്നുള്ള വ്യത്യാസം കൂടിയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്​. 

Tags:    
News Summary - pc thomas complaints against ldf cake cutting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.