വെള്ളാപ്പള്ളിയെ പിണറായി ചാക്കിട്ടതെങ്ങനെയെന്ന് തനിക്കറിയാമെന്ന് പി.സി. ജോർജ്; ‘അടുത്ത ഭരണത്തിൽ പിണറായി സെൻട്രൽ ജയിലിൽ’

​കട്ടപ്പന: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എങ്ങനെയാണ് പിണറായി ചാക്കിട്ടതെന്ന് തനിക്കറിയാമെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ബി.ജെ.പി നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി തന്റെ വാഹനത്തിൽ ഭാര്യയെയും മക്കളെയും മാത്രമേ കയറ്റാറുള്ളൂ, ആദ്യമായിട്ടാണ് പുറത്തുനിന്ന് ഒരാൾ കയറിയത്. വെള്ളാപ്പള്ളിയെ എങ്ങനെ ചാക്കിട്ടുവെന്ന് തനിക്ക് അറിയാം. പക്ഷേ, കുറ്റപ്പെടുത്തുന്നില്ലെന്നും ജോർജ് പറഞ്ഞു.

അടുത്ത ഭരണം വരുമ്പോൾ പിണറായി സെൻട്രൽ ജയിലിൽ പോകും. എൻ.എസ്.എസ് നിലപാട് മാറ്റത്തിൽ ദുഃഖിതനാണ്. സുകുമാരൻ നായർ എങ്ങനെ ഈ അബദ്ധം കാണിച്ചുവെന്ന് അറിയില്ലെന്നും പി.സി. ജോർജ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിലെത്തി പമ്പാതീരത്ത് നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതിന് പിന്നാലെ പിണറായി വിജയനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണെന്നും അടുത്ത തവണ അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

വേറെയാരും മുഖ്യമന്ത്രിയായിട്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായി വിജയന്​ മാത്രമേയുള്ളൂ. ശബരിമലയിൽ വരുന്ന ഭക്തരിൽ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തരാണ്. പണ്ട് പലതും പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ടുതവണ ശബരിമലയിൽ വന്നിട്ടുണ്ട്.

അവലോകനയോഗത്തിനായാലും എത്തിയല്ലോ. ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസില്‍ ഭക്തിയുണ്ട്. സംഗമവേദിയിൽ സമ്മാനിച്ച അയ്യപ്പ വിഗ്രഹം അദ്ദേഹം ഹൃദയം കൊണ്ട് സ്വീകരിച്ചില്ലേ- വെള്ളാപ്പള്ളി ചോദിച്ചു.

പിണറായി വിജയനെ ഞാനും എന്നെ അദ്ദേഹവും മുമ്പ്​ പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ യോഗ്യന്മാരുണ്ടായിരിക്കാം. പക്ഷേ, കൊണ്ടു നടക്കാനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്. എല്ലാത്തിനെയും മെരുക്കിക്കൊണ്ട് പോകാനുള്ള ശക്തി പിണറായിക്കാണുള്ളത്. ഇതുപോലെ ഇടതുപക്ഷത്ത് മറ്റാർ‌ക്കുമില്ല. അപ്പുറത്ത് യു.ഡി.എഫില്‍ തമ്മിലടിയാണ്. യു.ഡി.എഫ് അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - PC George react to Pinarayi Vijayan and Vellappally Natesan comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.