ജി.എസ്.ടി എഫക്ട്; പഴംപൊരിക്ക് വില കുറയും

കൊച്ചി: പുതിയ ജി.എസ്.ടി പരിഷ്‍കരണം സെപ്റ്റംബർ 22ന് പ്രാബല്യത്തിൽ വരുന്നതോടെ മലയാളികൾക്ക് സന്തോഷിക്കാവുന്ന മറ്റൊരു കാര്യവുമുണ്ട്. എല്ലാവരുടെയും ഇഷ്ട വിഭവമായ പഴംപൊരിക്ക് വില കുറയും. സംസ്ഥാനത്തെ ബേക്കറികളിലും മറ്റും പഴംപൊരിയുടെ വിലയിൽ 10 ശതമാനത്തിന്റെ കുറവുണ്ടാകാനാണ് സാധ്യത. പഴംപൊരിക്ക് മാത്രമല്ല, വട, അട, കൊഴുക്കട്ട എന്നിവക്കും ഇനി വില കുറയും. ഇവയുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമായാണ് കുറച്ചിരിക്കുന്നത്.

അതുപോലെ 12 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്ന മിക്സ്ചർ, വേഫറുകൾ എന്നീ ഉൽപ്പന്നങ്ങളുടെയും വില കുറയും. ഇവയും അഞ്ചുശതമാനം സ്ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതോടെ പലഹാരങ്ങൾക്ക് ​സംസ്ഥാനത്തെ ബേക്കറികൾ ഏഴുശതമാനം മുതൽ 10 ശതമാനം വരെ വില കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പഴംപൊരിയുടെ വില 10 രൂപയിൽ നിന്ന് ഒമ്പത് രൂപയായാണ് കുറയുക. 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറക്കുമ്പോള്‍ ഫലത്തില്‍ തങ്ങള്‍ക്ക് 11 ശതമാനമാണ് നികുതി ഭാരം കുറയുകയെന്ന് കൊച്ചിയിൽ ബേക്കറി നടത്തുന്ന വിജേഷ് വിശ്വനാഥ് ചൂണ്ടിക്കാട്ടി. നികുതി കുറക്കുന്നത് കൊണ്ട് ബേക്കറികൾക്ക് നേട്ടമൊന്നുമില്ല. വനസ്പതി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഞങ്ങള്‍ 5 ശതമാനം നികുതി നല്‍കുകയും അതിന് ഇന്‍പുട്ട് ക്രെഡിറ്റ് നേടുകയും വേണ​മെന്നും വി​ജേഷ് കൂട്ടിച്ചേർത്തു.

അതേസമയം, നികുതി യുക്തിസഹമാക്കിയതിനെ കണ്ണൂര്‍ ആസ്ഥാനമായുള്ള ബേക്ക് സ്റ്റോറി ലൈവ് ബേക്കറിയുടെ മാനേജിങ് പാര്‍ട്ണര്‍ നൗഷാദ് എം. സ്വാഗതം ചെയ്തു. 'എല്ലാ ലഘുഭക്ഷണങ്ങള്‍ക്കും രുചികരമായ വിഭവങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി നിരക്ക് വലിയ ആശ്വാസം നല്‍കി. പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനകളാണ് ലഭിച്ചിരുന്നത്. ഉദാഹരണത്തിന് പഴംപൊരിക്ക് 18 ശതമാനം നികുതി ചുമത്തിയപ്പോള്‍ ഉണ്ണിയപ്പത്തിന് അഞ്ച് ശതമാനമാണ് നികുതി. സെപ്റ്റംബര്‍ 22 മുതല്‍ തന്റെ ഔട്ട്‌ലെറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഏഴു മുതല്‍ 10 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുമെന്നും നൗഷാദ് പറഞ്ഞു.

Tags:    
News Summary - Pazhampori to get cheaper with GST cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.