കൊല്ലപ്പെട്ട ഷാരോൺ, പ്രതി സജി ജോർജ്

ഭാര്യ ഇറ്റലിയിൽനിന്ന് അയക്കുന്ന പണം മദ്യപിച്ച് തീർക്കും, പണം കിട്ടാതായപ്പോൾ വാറ്റ് തുടങ്ങി, എതിർത്ത മകനെ കുത്തിക്കൊന്നു; സജി ജോർജിന്റേത് കണ്ണില്ലാത്ത ക്രൂര​ത

പയ്യാവൂർ: സ്വന്തം മകനെ വീട്ടിനുള്ളിൽ കുത്തിക്കൊന്ന പിതാവിന്റെ ക്രൂരതക്ക് ഒടുവിൽ കോടതിയുടെ ശിക്ഷ. പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്തനാടിയിൽ സജി ജോർജിനാണ് (52) ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചത്. തലശ്ശേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് ശിക്ഷിച്ചത്. 19 വയസ്സുള്ള മകൻ ഷാരോണിനെയാണ് സജി ജോർജ് കൊലപ്പെടുത്തിയത്. 2020 ആഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതിയുടെ ഭാര്യ സിൽജ ഇറ്റലിയിൽ നഴ്സാണ്. സജിയും മക്കളുമാണ് വീട്ടിൽ താമസം. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാൽ പിന്നീട് പണമയക്കുന്നത് മകൻ ഷാരോണിന്റെ പേരിലായി. പണം ലഭിക്കാതായതോടെ സ്വന്തമായി ചാരായം വാറ്റാൻ തുടങ്ങി. ആഗസ്റ്റ് 14ന് സജി വീട്ടിൽനിന്ന് നാടൻ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞു. ഇത് വാക്കുതർക്കത്തിലും കൈയാങ്കളിയിലുമെത്തി. പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്. വീട്ടിലെ ഡൈനിങ് ഹാളിൽ മൊബൈൽ ഫോണിൽ നോക്കുകയായിരുന്ന ഷാരോണിനെ പ്രതി പിന്നിൽനിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിൽജയുടെ സഹോദരൻ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് സംഭവത്തിൽ പയ്യാവൂർ പൊലീസ് കേസെടുത്തത്.

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാൽ ആ തുകയും പ്രതിയുടെ ബൈക്ക് വിൽപന നടത്തി ലഭിക്കുന്ന തുകയും ഷാരോണിന്റെ മാതാവിന് നൽകണം. ഒപ്പം മാതാവിനും സഹോദരനും ഉചിതമായ നഷ്ടപരിഹാരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുഖാന്തരം ലഭ്യമാക്കാനും കോടതി നിർദേശം നൽകി. വെള്ളിയാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് തിങ്കളാഴ്ച വൈകീട്ടാണ് ശിക്ഷ വിധിച്ചത്. വിധിയിൽ സന്തോഷമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാറും ഷാരോണിന്റെ കുടുംബാംഗങ്ങളും പറഞ്ഞു. കുടുംബാംഗങ്ങളായ ഏതാനുംപേർ വിധി പ്രസ്താവം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.

പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാർ, മുൻ അഡീഷനൽ ജില്ല ഗവ. പ്ലീഡറായിരുന്ന അഡ്വ. കെ.പി. ബിനീഷ എന്നിവർ ഹാജരായി.

Tags:    
News Summary - payyavur familicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.