കൊല്ലം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ (54-ബാബു) അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. സുനാമി എന്നും മാറനാട് സുനി എന്നും അനിയപ്പെടുന്ന സുനിൽകുമാർ (53) കുറ്റക്കാരനാണെന്ന് കൊല്ലം നാലാം അഡീഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് വിധിച്ചു. 2018 ഡിസംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം.
പവിത്രേശ്വരം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ സ്ലിപ്പ് വിതരണത്തിനായി കേസിലെ ഒന്നാം സാക്ഷിയും പൊതുപ്രവർത്തകനുമായ മാത്തുക്കുട്ടിയെ ബൈക്കിന് പിന്നിൽ ഇരുത്തി പോകുകയായിരുന്ന സി.പി.എം എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി പവിത്രേശ്വരം കൈതക്കോട് മുറിയിൽ പോയവിള വീട്ടിൽ ദേവദത്തനെ റോഡരികിൽ തടഞ്ഞുനിർത്തി വടി കൊണ്ടടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഓച്ചിറ എൻ. അനിൽകുമാർ, അഡീഷനൽ പ്രോസിക്യൂട്ടർമാരായ കെ.ബി. മഹേന്ദ്ര, എ.കെ. മനോജ്, അഡ്വ. ആസിഫ് റിഷിൻ, അഡ്വ.എസ്. സിനി എന്നിവർ കോടതിയിൽ ഹാജരായി. മറ്റൊരു കേസിൽ പ്രതിയായിരുന്ന സുനിൽകുമാറിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്ത സമയം തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഒരു അബ്കാരി കേസിൽ ഒളിവിലായിരുന്ന സുനിൽകുമാർ എഴുകോൺ പൊലീസ് സ്റ്റേഷനിലുണ്ടെന്ന വിവരം തിരുവല്ല പൊലീസിൽ അറിയിച്ചു എന്ന വിരോധത്തിലാണ് ദേവദത്തനെ പ്രതി കൊലപ്പെടുത്തിയത്.
എഴുകോൺ എസ്.ഐ ആയിരുന്ന ബാബുക്കുറുപ്പ് രജിസ്റ്റർ ചെയ്ത കേസ് തുടർന്ന് അന്വേഷിച്ചത് സി.ഐമാരായ ഗോപകുമാർ, ബിനുകുമാർ, ബി. അനിൽ എന്നിവരാണ്. സിവിൽ പൊലീസ് ഓഫിസർ എം.പി. അജിത്ത് പ്രോസിക്യൂഷൻ സഹായിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.