കൊച്ചി: ട്രെയിൻ യാത്രികരെ വടികൊണ്ട് ആക്രമിച്ച് മൊബൈൽ ഫോണും പണവും മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ. ആലുവയിൽ ആക്രമണത്തിനിരയായി ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റയാളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്തയാൾ അടക്കം ആറുപേരെ എറണാകുളം റെയിൽവേ പൊലീസ് പിടികൂടിയത്. ആലുവ സൗത്ത് വാഴക്കുളം കമ്പയിക്കുടി ഷെഫിൻ (18), പെരുമ്പാവൂർ മാറമ്പള്ളി ആഷിക് (21), അല്ലപ്ര പുലവത്ത് സിറാജ് (21), പെരുമ്പാവൂർ റയോൺ കടയാറ്റിൽ ജോഷ്വിൻ (18), മുടിക്കൽ പുത്തൻപുരയിൽ മുഹമ്മദ് ഫസൽ (18) തുടങ്ങിയവരാണ് പിടിയിലായത്.
സ്റ്റേഷനിൽ നിർത്താൻ വേഗത കുറക്കുന്ന സമയത്ത് അരികിലെ സീറ്റുകളിലും വാതിൽപടിക്ക് സമീപത്തുമുണ്ടാകുന്ന യാത്രക്കാരെ വടികൊണ്ട് ആക്രമിക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ മൊബൈലും പഴ്സുമൊക്കെ താഴെവീഴ്ത്തി കവർച്ച ചെയ്യാറാണ് പതിവ്. ദിവസങ്ങൾക്കുമുമ്പ് മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ വാതിൽപടിയിൽ യാത്ര ചെയ്യുകയായിരുന്നയാളെ ആലുവ ഭാഗത്തുവെച്ച് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ഇവർ പണവും മൊബൈലും കവർന്നിരുന്നു. അന്ന് ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ ഇദ്ദേഹമാണ് പരാതി നൽകിയത്.
സംഘത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് വടികൊണ്ട് അടിക്കാൻ നിൽക്കാറുള്ളത്. ഇയാൾക്കെതിരെ നിരവധി പരാതികൾ ഇതിനകമുണ്ടെന്ന് പൊലീസ് പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്ന അന്തർസംസ്ഥാനക്കാരെയാണ് പ്രധാനമായും ഇവർ ഉന്നംവെച്ചിരുന്നത്. അവരിൽനിന്ന് പരാതികൾ ഉണ്ടാകാതിരുന്നതോടെയാണ് അക്രമം തുടർക്കഥയാക്കിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. 20ഓളം മൊബൈൽ ഫോണുകൾ ഇവർ തട്ടിയെടുത്തിട്ടുണ്ട്.
സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്ന് പലയിടങ്ങളിൽനിന്നായി പ്രതികളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.