നവകേരള സദസിൽ പങ്കെടുത്ത എൻ.എ. അബൂബക്കറിനെതിരെ നടപടി ഉണ്ടാകും -എൻ.എ. നെല്ലിക്കുന്ന്

കാസർകോട്: നവകേരള സദസിൽ പങ്കെടുത്ത കാസർകോട് ജില്ലയിലെ പ്രമുഖ വ്യവസായി എൻ.എ. അബൂബക്കറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുസ് ലിം ലീഗ് നേതാവ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അബൂബക്കറിന്‍റെ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗുകാർ ആരും നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അച്ചടക്ക നടപടിയെ കുറിച്ച് സംസ്ഥാന നേതൃത്വം തീരുമാനിക്കും. ലീഗ് എം.എൽ.എമാർ നവകേരള സദസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും എൻ.എ. നെല്ലിക്കുന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

യു.ഡി.എഫ് ബഹിഷ്‌കരിച്ച നവകേരള സദസിൽ ലീഗിന്‍റെ നേതൃനിരയിലുള്ള കാസർകോട് ജില്ലയിലെ പ്രമുഖ വ്യവസായി എൻ.എ. അബൂബക്കറുടെ സാന്നിധ്യം വിവാദത്തിന് വഴിവെച്ചിരുന്നു. നവകേരള സദസിന്‍റെ പ്രഭാത യോഗത്തിലാണ് അബൂബക്കർ എത്തിയത്.

ഇരിപ്പിടം ലഭിച്ചത് മുഖ്യമന്ത്രിക്ക് അടുത്താണെന്നതും ശ്രദ്ധേയമായി. പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകർ വിശദീകരിച്ചു. മന്ത്രിമാർ ഒന്നിച്ചെത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു.

നവകേരള സദസിന് ആശംസനേർന്ന അദ്ദേഹം കാസർകോട് മേൽപാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് സംസ്ഥാന നേതൃത്വം എൻ.എ. അബൂബക്കർ ഹാജിയുടെ ലീഗ് ബന്ധത്തെ തള്ളിയിട്ടുണ്ട്.

Tags:    
News Summary - Participated in the Nava Kerala Sadas, Action will be taken against NA Abu Bakar - NA Nellikkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.