പെരിയ ഇരട്ടക്കൊലക്കേസ്: പരോൾ അപേക്ഷ നൽകി പ്രതികൾ

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പരോളിനായി അപേക്ഷ നൽകി. എട്ടാം പ്രതി സുബീഷ് പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോൾ അപേക്ഷ നൽകിയത്. വിധി വന്ന് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ.

വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നൽകിയിരിക്കുന്നതെന്നാണ് വിവരം. പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിപ്പ് എത്തിയിട്ടുണ്ട്. ബേക്കൽ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരോൾ നൽകുകയെന്നാണ് റിപ്പോർട്ട്.

2019 ഫെബ്രുവരി 17-നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും വെട്ടിക്കൊന്നത്.

കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം. പ്രാദേശികനേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27-നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ടാണ് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചത്. ഡിസംബർ 28-ന് 14 പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയക്കുകയുംചെയ്തു.

അതേസമയം കേസിൽ ശിക്ഷിക്കപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്‌ഠനെ അയോഗ്യനാക്കാൻ തെരഞ്ഞെടപ്പ് കമിഷന് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - parole-application-filed-by-periya-twin-murder-culprits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.