കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിക്കണമെന്ന നിർദേശത്തോടെ അതിരൂപതയിലെ പ്രശ്നപരിഹാരത്തിന് മാർപാപ്പ അയച്ച പ്രതിനിധി മാർ സിറിൽ വാസിൽ സർക്കുലർ പുറത്തിറക്കി. എന്നാൽ, ഭൂരിഭാഗം ഇടവക പള്ളികളും സർക്കുലർ വായിക്കാതെ തള്ളിക്കളഞ്ഞു. സിറോ മലബാർ സഭ സിനഡ് നിശ്ചയിച്ചതും മാർപാപ്പ അംഗീകരിച്ചതുമായ ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പാക്കുകയാണ് തന്റെ നിയമനോദ്ദേശ്യമെന്നും ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് വിശ്വാസികളുടെ പിന്തുണയുണ്ടാകണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.
പ്രശ്നപരിഹാരത്തിനായി അൽമായർ, വൈദികർ, വിശ്വാസികൾ തുടങ്ങി എല്ലാവരും ഒത്തുചേരാനും ആഗസ്റ്റ് ആറിനും 15നും ഇടയിൽ ഒരുമണിക്കൂർ പ്രാർഥനക്കായി മാറ്റിവെക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രതിസന്ധി പരിഹരിക്കാൻ എത്തിയ മാർ സിറിൽ കാനോനിക സമിതികളെയോ വൈദികരെയോ വിശ്വാസികളെയോ കേൾക്കാതെ, സിനഡ് നിർദേശം നടപ്പിൽവരുത്തുകയാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് പുറത്തിറക്കിയ സർക്കുലർ അംഗീകരിക്കില്ലെന്ന് അതിരൂപത അൽമായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.
കുർബാനക്രമം അടിച്ചേൽപിക്കാൻ മാർ ആൻഡ്രൂസ് ഒരുകൊല്ലമായി ശ്രമിക്കുന്നു. ഇതേ നിലപാടുമായി ഇപ്പോൾ മറ്റൊരു വ്യക്തി മാർപാപ്പയുടെ പ്രതിനിധിയെന്നപേരിൽ രംഗത്തുവന്നിരിക്കുന്നു. മാർ സിറിൽ വാസിലിന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ തന്നെ ഇദ്ദേഹം കർദിനാൾ ആലഞ്ചേരിയെ വെള്ളപൂശിയ വ്യക്തിയാണെന്നും മാർ ആൻഡ്രൂസിന്റെ അടുത്ത സുഹൃത്തുകൂടി ആയതിനാൽ നീതി പ്രതീക്ഷിക്കുന്നില്ലെന്നും അൽമായ മുന്നേറ്റം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
സിറിൽ വാസിലിന്റെ നിയമനം സംബന്ധിച്ച് ഇതുവരെയും വത്തിക്കാൻ ഉത്തരവ് പുറത്തുവന്നിട്ടില്ലെന്നത് മാർപാപ്പയുടെ പ്രതിനിധിപോലും വ്യാജനാണോ എന്ന് സംശയം ജനിപ്പിക്കുന്നതാണെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.