കൂറ്റനാട് (പാലക്കാട്): ചെറിയൊരു സൗന്ദര്യപിണക്കത്തിന്‍റെ പേരില്‍പോലും ഭാര്യ-ഭര്‍തൃബന്ധം കീറാമുട്ടിയിലെത്തിക്കുന്ന രക്ഷിതാക്കള്‍ ഒന്നാലോചിക്കുക.
നിങ്ങളുടെ സ്നേഹസമയത്ത് ജന്മംകൊടുത്ത പിഞ്ചോമനകള്‍ നിങ്ങളുടെ പരസ്പരവൈരത്തില്‍ അകപെട്ടുകഴിയുകയാണ്. കുട്ടികളുടെ ഭാവിയെകുറിച്ച് ഒരുചിന്തയെങ്കിലുമുണ്ടങ്കില്‍ പിന്‍മാറണം. പാലക്കാട് ജില്ലയിലെ ആനക്കരയില്‍ മാതാപിതാക്കളുടെ തർക്കം മൂലം അസ്വസ്ഥരായ കുരുന്നുകള്‍ സഹായം തേടി കലക്ടറേറ്റിലെത്തി.
അച്ഛനും അമ്മക്കും ഞങ്ങളെ ഒരുപാട് ഇഷ്ടമാണ്. അമ്മക്കു പക്ഷേ, അച്ഛനെ വേണ്ടാ, ഞങ്ങളെ മതി. ഞങ്ങൾക്ക് അച്ഛനെയും അമ്മയെയും വേണം. അവർ ഒരുമിച്ചെത്തിയാലേ കൂടെപ്പോകൂ’’-പാലക്കാട് ജില്ല കലക്ടർ മാധവിക്കുട്ടിയെക്കണ്ട് ആ കുരുന്നുകൾ സങ്കടമറിയിച്ചതിങ്ങിനെ. പന്ത്രണ്ടും പത്തും എട്ടും വയസ്സുള്ള കുട്ടികളാണ് മുത്തച്ഛനോടൊപ്പമെത്തി ജില്ലകലക്ടറോട് തങ്ങളുടെ സങ്കടാവസ്ഥവിവരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ എത്തിയ ഇവരോടൊപ്പം അച്ഛന്റെ സഹോദരിയുടെ മകളായ പന്ത്രണ്ടു വയസ്സുകാരിയുമുണ്ടായിരുന്നു. അവളാണ് ഇവരുടെ പ്രശ്നങ്ങൾ പറയാൻ മുന്നിട്ടിറങ്ങിയത്. കുട്ടികളുടെ അമ്മയും അച്ഛനും തമ്മിൽ സ്വരച്ചേർച്ചയില്ലാത്തതാണ് പ്രശ്നം.
അമ്മ വിദേശത്ത് ജോലിചെയ്യുകയാണ്.വിഷുക്കാലത്ത് അച്ഛനും മക്കളും അമ്മയെ സന്ദർശിക്കാൻ രണ്ടുമാസത്തേക്ക് വിദേശത്തുപോയിരുന്നു. അവിടെ അമ്മ അവരെ ശ്രദ്ധിച്ചതുപോലുമില്ലെന്ന സങ്കടമാണവർക്ക്. നാട്ടിൽ തിരിച്ചെത്തിയ അച്ഛൻ മദ്യപിക്കാൻ തുടങ്ങി. മക്കൾ മൂന്നുപേരും ഒറ്റപ്പെട്ട അവസ്ഥയായി. ഇപ്പോൾ താമസം അച്ഛന്റെ കുടുംബവീട്ടിലാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിയ അമ്മ കുട്ടികളോട് ഒപ്പംവരാൻ ആവശ്യപ്പെട്ടെങ്കിലും അച്ഛനെയും കൊണ്ടുപോകുമെങ്കിൽ കൂടെവരാമെന്ന് കുട്ടികൾ പറഞ്ഞു. അതുനടക്കില്ലെന്നും കുട്ടികളെ കൊണ്ടുപോകുമെന്നും അമ്മ തീർത്തുപറഞ്ഞപ്പോഴാണ് അവർ പരിഹാരത്തിനായി കലക്ടറെ കാണാനെത്തിയത്. കുടുംബ പ്രശ്നങ്ങൾ നേരത്തെ പൊലീസ് കേസിലേക്കൊക്കെ വഴിവെച്ചിട്ടുണ്ട്.
ഇതെല്ലാം കുട്ടികളെ മാനസികമായി വേട്ടയാടുകയാണ്. ഇവർ ശിശുക്ഷേമസമിതിയിൽ വിളിച്ച് പരാതി പറയുകയുമുണ്ടായി. കലക്ടറുടെ നിർദേശപ്രകാരം വനിത-ശിശു വികസന വകുപ്പിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് അധികൃതർ കുട്ടികളുമായി സംസാരിച്ചു. സംരക്ഷണം നൽകാമെന്നും ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് തത്കാലം വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.