പറവൂർ ആക്രമണം: സര്‍ക്കാര്‍ നീതിപൂർവ നിലപാട്  സ്വീകരിക്കണം -മുസ്​ലിം സംഘടന നേതാക്കൾ

കോഴിക്കോട്: സംസ്ഥാനത്ത് മതപ്രബോധനപ്രവര്‍ത്തനം തടയാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തുന്നതി​​െൻറ  ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂർവമായ നിലപാട്  സ്വീകരിക്കണമെന്നും മുസ്‌ലിം സംഘടന നേതാക്കൾ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു‍.

നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ക്കുന്നതിനുള്ള  ശ്രമമാണ് നടക്കുന്നതെന്നും ഇത് ആശങ്കജനകമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (മുസ്‌ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്  നദ്‌വി കൂരിയാട് (സമസ്ത), ടി.പി. അബ്​ദുല്ലക്കോയ മദനി (കെ.എൻ.എം), എം.ഐ. അബ്​ദുൽ അസീസ് (ജമാഅത്തെ ഇസ്‌ലാമി),  കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം), എ. നജീബ് മൗലവി (സംസ്​ഥാന ജംഇയ്യതുല്‍ ഉലമ), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി  (ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ), അബുല്‍ ഖൈര്‍ മൗലവി (തബ്‌ലീഗ്), ഡോ. പി.എ. ഫസൽ ഗഫൂര്‍ (എം.ഇ.എസ്), എൻജി. പി. മമ്മദ്‌കോയ  (എം.എസ്.എസ്) എന്നിവർ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ അവരുടെ ആശയ പ്രചാരണത്തി​​െൻറ ഭാഗമായി ലഘുലേഖകള്‍ വീടുകളിലെത്തി വിതരണം ചെയ്യുമ്പോള്‍  ക്ഷേത്രം തകര്‍ക്കാന്‍ ഒരു സംഘം എത്തിയിട്ടുണ്ടെന്ന വ്യാജ പ്രചാരണവേല സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തി സംഘ്പരിവാറുകാരെ  സംഘടിപ്പിച്ച് ആക്രമണം നടത്തുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെ സ്‌റ്റേഷന്‍ പരിസരത്തുള്‍പ്പെടെ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകരെ  ആക്രമിച്ചു. നിരപരാധിയാണെന്ന് ബോധ്യമായതി​​െൻറ അടിസ്ഥാനത്തില്‍ വിസ്ഡം സംഘത്തെ പൊലീസ് വിട്ടയച്ചെങ്കിലും സ്‌റ്റേഷനില്‍  സംഘടിതമായെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി പൊലീസ് പിന്നീട് കേസെടുത്ത് അറസ്​റ്റ്​ ചെയ്യുകയായിരുന്നു. 

പരസ്യമായി ആർ.എസ്.എസിനെ എതിര്‍ക്കുകയും അതേസമയം, സംഘ്പരിവാര്‍ നയം നടപ്പാക്കുകയുമാണ് സംസ്ഥാന സര്‍ക്കാർ. ഏതുമതം  സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഹനിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സമീപകാലത്ത്  സംഘ്പരിവാര്‍ അനുകൂലമായ പല നിലപാടുകളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത് വിമര്‍ശനവിധേയമായിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം  നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Paravoor Attack Govt Take actions in justice-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.