ഈങ്ങാപ്പുഴ (കോഴിക്കോട്): അകക്കണ്ണിെൻറ കരുത്തിൽ പാരാലിമ്പിക്സ് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് സാലിഹിന് ജന്മനാടായ പുതുപ്പാടി കാവുംപുറത്ത് അക്ഷരവീട്. ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും പണമിടപാട് സ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിലെ പ്രതിഭകൾക്കായി നൽകുന്ന ആദരവും അംഗീകാരവുമാണ് അക്ഷരവീട്.
കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ അക്ഷരവീടാണിത്. ജന്മനാ കൂടെയുള്ള അന്ധതയെ തെല്ലും കൂസാതെ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിദ്യാഭ്യാസം നേടുകയും ചെസിൽ അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത പ്രതിഭയാണ് സാലിഹ്.
ഏഴാം ക്ലാസ് വരെ കോഴിക്കോട് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡികാപ്ഡിലാണ് പഠിച്ചത്. പിന്നീട് പ്രൈവറ്റായി പഠിച്ച് 2004ൽ എസ്.എസ്.എൽ.സി പാസായി. കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലത്ത് ചെസിൽ സ്കൂൾ ചാമ്പ്യനായിരുന്നു. ഡിഗ്രി പഠനത്തിന് ദേവഗിരി കോളജിൽ എത്തിയതോടെയാണ് സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ തുടങ്ങിയത്.
2007, 2008 വർഷങ്ങളിൽ സംസ്ഥാന ബ്ലയിൻഡ് ചെസ് ടൂർണമെൻറിൽ ചാമ്പ്യനാവുകയും നാഷനൽ ഫിഡേ റേറ്റിങ് ടൂർണമെൻറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. 2008ൽ സൗത്ത് ഇന്ത്യൻ ബ്ലയിൻഡ് ചെസ് ടൂർണമെൻറിൽ കേരള ടീമിെൻറ ക്യാപ്റ്റനായ സാലിഹ് ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുത്തിരുന്നു. വ്യക്തിഗത ബോർഡ്തല സമ്മാനവും നേടി. ബ്ലയിൻഡ് ചെസ് ടൂർണമെൻറിൽ ഫിഡേറേറ്റിങ് നേടിയ ആദ്യ കേരളീയനാണ് സാലിഹ്.
നാഷനൽ സെലക്ഷൻ ലഭിച്ച പത്തുപേരെ പങ്കെടുപ്പിച്ച് നടത്തുന്ന നാഷനൽ ചെസ് ടൂർണമെൻറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ചു പേർക്കാണ് ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കുന്നത്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും 2017ൽ സൗത്ത് ഇന്ത്യൻ ടൂർണമെൻറിൽ സെലക്ഷൻ ലഭിച്ചു. അതേവർഷം ഹരിയാനയിലെ അമ്പാലയിൽ നടന്ന നാഷനൽ ബ്ലയിൻഡ് സെലക്ഷൻ ടൂർണമെൻറിൽ 15ാം സ്ഥാനം നേടിയ സാലിഹ് ബി സോൺ കാറ്റഗറി (തീരെ കാഴ്ചയില്ലാത്തവർ) ടീമിൽ രണ്ടാമതായി ഇടം നേടി.
2018ൽ ഇന്തോനേഷ്യയിൽ നടന്ന പാരാലിമ്പിക്സ് ഏഷ്യൻ ഗെയിംസിൽ റാപ്പിഡ് ചെസ് ഇനത്തിൽ വെള്ളി മെഡൽ നേടിയാണ് ദേശീയ താരമായത്. കശ്മീർ, ഹരിയാന, ഡെൽഹി, പഞ്ചാബ്, ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നടന്ന ടൂർണമെൻറുകളിൽ പരസഹായമില്ലാതെയാണ് സാലിഹിെൻറ യാത്ര. നിയമപഠനം പൂർത്തിയാക്കിയ സാലിഹ് സിവിൽ സർവിസ് പരീക്ഷക്കുള്ള തയാറെടുപ്പിലാണ്.
പാരാലിമ്പിക്സ് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് വെള്ളി മെഡൽ നേടിത്തന്ന സാലിഹിന് 15 ലക്ഷം രൂപ പാരിതോഷികം നൽകി കേന്ദ്ര സർക്കാർ അനുമോദിച്ചെങ്കിലും സംസ്ഥാന സർക്കാറിൽനിന്ന് പരിഗണനയൊന്നും ലഭിച്ചില്ല. കേരള ബ്ലയിൻഡ് അസോസിയേഷൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട സാലിഹ് സംസ്ഥാന തല ടൂർണമെൻറുകൾ സംഘടിപ്പിച്ചിരുന്നു.
സ്ഥലവും വീടുമില്ലാത്ത സാലിഹ് ഭാര്യ സംശോദ, മക്കളായ ഹന്ന, ഫൈഹ എന്നിവരോടൊപ്പം വാടകവീട്ടിലാണ് കഴിയുന്നത്. നാല് കൂടപ്പിറപ്പുകളിൽ രണ്ട് സഹോദരിമാർ കാഴ്ചശക്തിയില്ലാത്തവരാണ്. അക്ഷരവീട് നിർമാണത്തിന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാകേഷ് ചെയർമാനായി പൗരപ്രമുഖരടങ്ങിയ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.