നവവധുവിന് പീഡനം: രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു പീഡനത്തിനിരയായ കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് അറസ്റ്റിൽ. മാങ്കാവ് സ്വദേശിയും ബി.ഡി.ജെ.എസ് നേതാവുമായ കച്ചേരിക്കുന്ന് കല്യാണനിലയത്തിൽ രാജേഷിനെയാണ് (33) ഫറോക്ക് അസി. കമീഷണർ സജു കെ. അബ്രഹാം അറസ്റ്റുചെയ്തത്.

പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് പന്നിയൂർകുളം സ്വദേശി രാഹുലിനെ നാട്ടിൽനിന്ന് ബംഗളൂരുവിലെത്താനും തുടർന്ന് വിദേശത്തേക്ക് രക്ഷപ്പെടാനും സഹായിച്ചത് രാജേഷ് ആണെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, യുവതിയുടെ വിശദമൊഴിയിലും രാജേഷിനെക്കുറിച്ച് പരാമർശമുണ്ട്. പരാതിക്കാരിക്ക് മര്‍ദനമേറ്റ ദിവസം രാത്രി രാജേഷ് രാഹുലിന്റെ വീട്ടിലുണ്ടായിരുന്നു.

മർദനത്തെ തുടർന്ന് ബോധം നഷ്ടമായ യുവതിയെ ആശുപത്രിയിൽ എത്തിച്ചതും രാഹുലും രാജേഷും ചേർന്നായിരുന്നു. നാടുവിട്ടതിന് ശേഷം രാഹുൽ സഹോദരിയുമായും രാജേഷുമായും വാട്‌സ്ആപ് കാൾ വഴി സംസാരിച്ചെന്ന വിവരവും പൊലീസിന് ലഭിച്ചു. തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. രാജേഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം, രാഹുലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. രാഹുൽ വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതോടെ കേരള പൊലീസ്, ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സി.ബി.ഐ വഴി ഇന്റർപോളിന് അപേക്ഷ നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ എവിടെയെങ്കിലും രാഹുൽ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ഈ നടപടിയെന്ന് പൊലീസ് പറഞ്ഞു. അതിനിടെ താൻ വിദേശത്ത് എത്തിയെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള രാഹുലിന്റെ വിഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ അമ്മ ഉഷക്കും സഹോദരിക്കും ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകിയെങ്കിലും അനാരോഗ്യ കാരണം വെള്ളിയാഴ്ച എത്താനാവില്ലെന്ന് ഇരുവരും അറിയിച്ചു. അടുത്ത ദിവസം ഇവരെ ചോദ്യം ചെയ്യും.

Tags:    
News Summary - Pantheerankavu dowry case: Rahul flees to Germany, Interpol issues Blue Corner notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.