എം.ബി.രാജേഷ്
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശചട്ടങ്ങളിൽ ഇളവ് വരുത്തി മന്ത്രി എം.ബി. രാജേഷ് വ്യാഴാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ നൽകിയ കുറിപ്പിൽ വിവാദം ഉയർന്നതോടെ പിന്നീട് തിരുത്തിയിറക്കി. എലപ്പുള്ളിയിൽ ആരംഭിക്കാൻ പോകുന്ന ബ്രൂവറിക്ക് വേണ്ടിയാണ് ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരുന്നതെന്നാണ് ആരോപണം ഉയർന്നത്.
കാറ്റഗറി ഒന്നിൽപെടുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് വേണ്ടെന്ന വാർത്താകുറിപ്പാണ് ബ്രൂവറിക്ക് വേണ്ടിയെന്ന രീതിയിൽ സംശയിക്കപ്പെട്ടത്. കാറ്റഗറി ഒന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് വ്യവസ്ഥയിലെ വിഭാഗത്തെയാണോ അതോ പഞ്ചായത്ത് ചട്ടങ്ങളിൽ ലൈസൻസ് നൽകാൻ നൽകിയിരിക്കുന്ന വിഭാഗത്തെയാണോ സൂചിപ്പിക്കുന്നതെന്ന് ആദ്യം വ്യക്തമായിരുന്നില്ല.
ഇതേത്തുടർന്ന് മദ്യനിർമാണശാല വിഷയവുമായി ബന്ധപ്പെട്ട് വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ മന്ത്രിയും കുഴങ്ങി. അക്കാര്യം പരിശോധിക്കണമെന്നായി മന്ത്രി. ഒടുവിൽ ഓഫിസിൽനിന്ന് വ്യക്തത വരുത്തി വാർത്താകുറിപ്പ് ഇറക്കി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാറ്റഗറി ഒന്നിലെ പച്ച, വെള്ള വിഭാഗങ്ങളിൽ വരുന്ന യൂനിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസിന് പകരം അവ റജിസ്റ്റർ ചെയ്താൽ മതിയാകും. എന്നാൽ, കാറ്റഗറി രണ്ടിലെ ചുവപ്പ്, ഓറഞ്ച് വിഭാഗങ്ങളിൽ വരുന്ന യൂനിറ്റുകൾക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസൻസ് ആവശ്യമാണ്. മദ്യനിർമാണ പ്ലാന്റുകൾ ഉൾപ്പെടെയുള്ള വൻകിട വ്യവസായങ്ങൾ ചുവപ്പ് വിഭാഗത്തിലാണ് വരുന്നത്. മദ്യ ബ്ലെൻഡിങ് യൂനിറ്റുകൾ ഉൾപ്പെടുന്നത് ഓറഞ്ച് വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.