തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികളെ പ്രധാന തസ്തികകളില്‍ നിയമിച്ച് ത്രിതല കൂടിയാലോചന സമിതി സര്‍ക്കാര്‍ രൂപവത്കരിച്ചു. ജനപ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള സംവിധാനമാണ് രൂപംകൊള്ളുന്നത്. മുന്‍ ഇടതുസര്‍ക്കാറിന്‍െറ കാലത്ത് നിലവിലിരുന്ന സംവിധാനം യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
ഗ്രാമപഞ്ചായത്തുകളുടെ ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍, ഭരണപരമായ കര്‍ത്തവ്യങ്ങള്‍, പദ്ധതി- പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നടത്തിപ്പ് സൂക്ഷ്മമായി വിലയിരുത്തുകയാണ് സമിതിയുടെ പ്രധാന ചുമതല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാര നടപടി നിര്‍ദേശിക്കുകയും വേണം. സംസ്ഥാന, ജില്ല, ഗ്രാമപഞ്ചായത്ത് തലങ്ങളിലാണ് കൂടിയാലോചന സമിതികള്‍ പ്രവര്‍ത്തിക്കുക. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റാണ് കൂടിയാലോചന സമിതിയുടെ അധ്യക്ഷന്‍. പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറും. ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിഷേയന്‍ ജില്ലാ പ്രസിഡന്‍റ് അധ്യക്ഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും ഗ്രാമപഞ്ചായത്തുതല സമിതിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും ആവും. പഞ്ചായത്തുതല പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേദി നിലവിലില്ല എന്നതാണ് സമിതി രൂപവത്കരണത്തിന് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.
13 ചുമതലകളാണ് സമിതിക്ക് നല്‍കിയിരിക്കുന്നത്. സംസ്ഥാനതല സമിതി എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലും ജില്ലാതല സമിതികള്‍ രണ്ടാമത്തെ ആഴ്ചയിലും പഞ്ചായത്തുതല സമിതികള്‍ ഒന്നാമത്തെ ആഴ്ചയിലും യോഗം ചേരണം. പദ്ധതിത്തുക വിനിയോഗം, സംസ്ഥാനാവിഷ്കൃത- കേന്ദ്രാവിഷ്കൃത പദ്ധതി തുക വിനിയോഗം, വിവിധയിനം പെന്‍ഷനുകള്‍, തൊഴില്‍രഹിത വേതനം, ഓഡിറ്റ് തടസ്സം, പെന്‍ഷന്‍പറ്റുന്ന ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച സമാഹൃത റിപ്പോര്‍ട്ടുകളും വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ്, ബജറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റിന്‍െറ പ്രത്യേക റിപ്പോര്‍ട്ടുകളും സമിതി പരിശോധിക്കും.
ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും സമിതിക്ക് അധികാരം ഉണ്ടാവും. അധ്യക്ഷനും കണ്‍വീനറും കൂടാതെ, ഐ.കെ.എം, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍, ജോയന്‍റ് ഡയറക്ടര്‍മാര്‍ (ഭരണ വിഭാഗം, വികസനം), ജനന-മരണ ഡെപ്യൂട്ടി ചീഫ് രജിസ്ട്രാര്‍, സീനിയര്‍ സൂപ്രണ്ട് എന്നിവര്‍ സംസ്ഥാനതല സമിതിയംഗങ്ങള്‍. ഇതിലേക്ക് ചീഫ് എന്‍ജിനീയറെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഗ്രാമപഞ്ചായത്ത് അസോസിയേഷനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.